കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയ്ക്കിടെ, യാത്രക്കാരന്റെ ലക്ഷങ്ങൾ വിലയുള്ള വാച്ച് കേടാക്കിയെന്ന സംഭവത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതായി പരാതിക്കാരന്റെ അഭിഭാഷകൻ കെ.കെ.മുഹമ്മദ് അക്ബർ അറിയിച്ചു.
ഈ മാസം മൂന്നിനു ദുബായിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഇസ്മായിൽ ആണു പരാതിക്കാരൻ.സ്വർണമുണ്ടെന്നു സംശയിച്ച് കസ്റ്റംസ് പരിശോധിച്ച, വാച്ച് യാത്രക്കാരനു തിരിച്ചു നൽകിയത് വിവിധ ഭാഗങ്ങളാക്കി, ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണെന്നാണു പരാതി.
ഇന്ത്യൻ രൂപ 45 ലക്ഷത്തിലേറെ നൽകി സഹോദരൻ വാങ്ങിയതാണ് വാച്ചെന്നും ടെക്നിഷ്യന്റെ സഹായത്തോടെ തുറന്നു പരിശോധിക്കേണ്ടതിനു പകരം, വാച്ച് കേടാക്കി എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് റജിസ്റ്റർ ചെയ്തു വിശദമായ അന്വേഷണത്തിനാണ് ഉത്തരവെന്ന് അഭിഭാഷകൻ പറഞ്ഞു. കോടതിയുടെ നിർദേശം ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കുമെന്നു കരിപ്പൂർ ഇൻസ്പെക്ടർ അറിയിച്ചു.