ചാവക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമായിരിക്കെ കടപ്പുറം പഞ്ചായത്തിലെ മുസ്ലിം ലീഗിൽ ചേരിപ്പോര്. പാർട്ടിക്കുള്ളിലെ പ്രശ്ന പരിഹാര ചർച്ചക്കെത്തിയ മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈനലി ശിഹാബ് തങ്ങളെ ലീഗിലെ ഔദ്യോഗിക വിഭാഗം അപമാനിച്ചതായി ആരോപണമുയർന്നു. മുസ്ലിം ലീഗിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് കടപ്പുറം പഞ്ചായത്തിലെ ലീഗ് പ്രവർത്തകർക്കിടയിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളുടെ പരിഹാര ചർച്ചക്കാണ് ഇക്കഴിഞ്ഞ ബുധനാഴ്ച മുഈനലി തങ്ങൾ ചാവക്കാട് എത്തിയത്.
വൈകീട്ട് മുഈനലി തങ്ങൾ ചാവക്കാട് ലീഗ് ഓഫിസിൽ എത്തുമെന്നും കടപ്പുറത്തെ ഔദ്യോഗിക വിഭാഗത്തോട് ചർച്ചയിൽ പങ്കെടുക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഒരാൾ പോലും തങ്ങളെ കാണാൻ പോയില്ല. മാത്രമല്ല, പലരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെക്കുകയും ചിലർ ഫോൺ എടുക്കാതിരിക്കുകയും ചെയ്തു വത്രേ.
പിന്നീട് യൂത്ത് ലീഗ് ഭാരവാഹി ഫോൺ എടുക്കുകയും പഞ്ചായത്ത് ലീഗ് കമ്മിറ്റി ആരോടും പോകേണ്ട എന്ന് പറഞ്ഞതായും എതിർ വിഭാഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതോടെ അഞ്ചങ്ങാടിയിലെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയെ മുഈനലി ശിഹാബ് തങ്ങൾ പ്രതിഷേധം അറിയിച്ചുവെന്നാണ് വിവരം.