Friday, September 20, 2024

കെ നാസറിന് രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ; വൈക്കം പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ ആയ നാസർ ഏഴു വർഷത്തോളം ചാവക്കാട് സ്റ്റേഷനിൽ സി.ഐ സ്പെഷ്യൽ സ്ക്വാഡ് അംഗമായിരുന്നു

ചാവക്കാട്: അന്വേഷണ മികവിനുള്ള സംസ്ഥാന പോലീസിലെ ബഹുമതി നേടിയ പോലീസ് ഓഫീസർ കെ നാസറിന് രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലും ലഭിച്ചു. വൈക്കം പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ കെ നാസറിനാണ് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചത്.  ഏഴു വർഷത്തോളം ചാവക്കാട് പോലീസ് സ്റ്റേഷനിൽ സി.ഐ സ്പെഷ്യൽ സ്ക്വാഡ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള നാസർ, നിരവധി കേസുകൾ തെളിയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2005 ൽ ബ്ലാങ്ങാട് വ്യാപാരിയായിരുന്ന കൊല്ലം സ്വദേശി രാജനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതുൾപ്പെടെ പത്തോളം കൊലപാതക കേസുകളിൽ പ്രതികളെ പിടികൂടുന്നതിൽ നാസർ നിർണായക പങ്കാണ് വഹിച്ചത്. 2008 ൽ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, 2014 ൽ ക്രൈം സ്ക്വാഡിലെ മികച്ച അംഗത്തിനുള്ള ജില്ലാ പോലീസ് മേധാവിയുടെ അവാർഡ്, 2019 ൽ  മികച്ച കുറ്റാന്വേഷകനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ എന്നിവയും ഈ പോലീസ് ഉദ്യോഗസ്ഥനെ തേടിയെത്തി. 1995 ൽ പാലക്കാട് ജില്ലയിൽ നിന്നും പോലീസ് സർവീസ് ആരംഭിച്ച നാസർ 1999 മുതൽ 2010 വരെ തൃശ്ശൂർ ജില്ലയിലും തുടർന്ന് കോട്ടയം ജില്ലയിലും സേവനമനുഷ്ഠിച്ച് വരികയാണ്. ആലപ്പുഴ പൂച്ചാക്കൽ വടക്കേ പൂണിത്തറ കെ.പി ഖാലിദിന്റെയും ജമീലയും മകനാണ് നാസർ. ഇപ്പോൾ തലയോലപ്പറമ്പിലാണ് താമസം. ബീമയാണ് ഭാര്യ. വിദ്യാർത്ഥിയായ ബിൻസ നാസർ, അൻസിർ നസ്രിൻ എന്നിവർ മക്കളാണ്.

റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ചുളള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളിൽ പത്തെണ്ണമാണ് ഇത്തവണ കേരളത്തിന് ലഭിച്ചത്. ഇന്റലിജൻസ് അഡീഷണൽ ഡയറക്‌ടർ ജനറൽ ടി കെ വിനോദിന് വിശിഷ്‌ടസേവനത്തിനുളള മെഡൽ ലഭിച്ചപ്പോൾ ഒമ്പത് പേർ സ്‌തുത്യർഹ സേവനത്തിനാണ് മെഡൽ ലഭിച്ചത്.

നാസറിനെ കൂടാതെ തിരുവനന്തപുരം സൗത്ത് സോൺ ഐ.ജി ഹർഷിത അട്ടലൂരി, പൊലീസ് ട്രെയിനിംഗ് കോളേജ് എസ്.പി കെ എൽ ജോണിക്കുട്ടി, വിജിലൻസ് എസ് .പി എൻ രാജേഷ്, മലപ്പുറത്തെ ഡെപ്യൂട്ടി കമൻഡാന്റ് ബി അജിത്കുമാർ, കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ കെ.പി അബ്‌ദുളള റസാഖ്, കാസർകോട് ഡി.വൈ.എസ്.പി ഹരിഷ്ചന്ദ്രനായക്, കൊല്ലം കരുനാഗപ്പളളി സി.ഐ എസ് മഞ്ജുലാൽ, മലപ്പുറം എസ്.പി ഓഫീസിലെ കെ വത്സല എന്നിവരാണ് സ്‌തുത്യർഹ സേവനത്തിന് മെഡൽ നേടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments