കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫില്‍ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. കോട്ടയത്ത് നേതൃയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറെ നിര്‍ണായകമായ ഈ പ്രഖ്യാപനമുണ്ടായത്. കര്‍ഷകര്‍ക്കു വേണ്ടി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു. രാവിലെ ജോസ് കെ. മാണി പിതാവ് കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷമാണ് ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചത്.
രാഷ്ട്രീയപരമായും വ്യക്തിപരമായും ധാര്‍മിക ഉയര്‍ത്തിപ്പിടിക്കേണ്ടതിനാല്‍ രാജ്യസഭാ എം.പി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
38 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫിൽ നിന്നുള്ള മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റം. 1982ന് ശേഷമാണ് മാണി ഗ്രൂപ്പ് ഇടതിനൊപ്പം ചേരുന്നത്. യു.ഡിഎഫില്നിന്ന് ചതിയും അനീതിയും നേരിട്ടു. കെ.എം. മാണിയുടെ രാഷ്ട്രീയത്തെ യു.ഡി.എഫ് അപമാനിച്ചു. ആത്മാഭിമാനം അടിയറവച്ച് യു.ഡി.എഫില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. രാജ്യത്ത് വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ എല്‍.ഡിഎ.ഫിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേരള കോണ്‍ഗ്രസ്-എം ഓഫിസിന്റെ ബോര്‍ഡ് മാറ്റി മാണിയുടെ ചിത്രം വച്ചുള്ള പുതിയ ബോര്‍ഡ് സ്ഥാപിച്ചു. രണ്ടില ചിഹ്നം ഒഴിവാക്കിയിട്ടുണ്ട്.