Friday, September 20, 2024

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

ബെംഗളൂരു: ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു. 49 വയസായിരുന്നു. പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുർച്ചെ കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മിഡ്ഫീൽഡ് മാന്ത്രികൻ എന്നറിയപ്പെട്ടിരുന്ന ചാപ്മാൻ 1991 മുതൽ 2001 വരെ ഇന്ത്യൻ ദേശീയ ടീമിനായി ബൂട്ടുകെട്ടി. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഐ.എം. വിജയനും ജോപോൾ അഞ്ചേരിയും രാമൻ വിജയനുമൊക്കെ കളിച്ച എഫ്.സി. കൊച്ചിന്റെ സുവർണസംഘത്തിന്റെ മധ്യനിര നിയന്ത്രിച്ചത് കർണാടകക്കാരനായ ചാപ്മാനായിരുന്നു.


നിലവിൽ കോഴിക്കോട് ആസ്ഥാനമായ ക്വാർട്സ് എഫ്.സി.യുടെ മുഖ്യപരിശീലകനായിരുന്നു. അടുത്തിടെയാണ് ക്വാർട്സിനെ പ്രീമിയർ ലീഗ് ക്ലബ്ബ് ഷെഫീൽഡ് യുണൈറ്റഡ് ഏറ്റെടുത്തത്.
കരിയറിൽ ഈസ്റ്റ് ബംഗാളിനും ജെ.സി.ടി.ക്കും കളിച്ചു. 90-കളിൽ ദേശീയ ടീമിൽ സ്ഥിരാംഗമായി. കളി നിർത്തിയശേഷം പരിശീലകനായി.
1980-കളുടെ മധ്യത്തോടെ ബെംഗളൂരു സായി സെന്ററിലൂടെയാണ് ചാപ്മാൻ തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. തുടർന്ന് ബെംഗളൂരു ക്ലബ്ബായ സതേൺ ബ്ലൂസിനായി കളിയാരംഭിച്ചു. പിന്നീട് 1990-ലാണ് ടാറ്റ ഫുട്ബോൾ അക്കാദമിയിലേക്ക് മാറുന്നത്. 1993 വരെ അവിടെ തുടർന്ന ചാപ്മാൻ പിന്നീട് കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി.

1993-ൽ ഈസ്റ്റ് ബംഗാളിലെ ആദ്യ സീസണിൽ ഏഷ്യൻ കപ്പ് വിന്നേഴ്സ് കപ്പിൽ ഇറാഖി ക്ലബ്ബ് അൽ-സാവ്രയ്ക്കെതിരേ ഹാട്രിക്ക് നേടി വരവറിയിച്ചു. അന്ന് രണ്ടിനെതിരേ ആറു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാൾ ജയിച്ചുകയറിയത്.

പിന്നീട് എ.എം. വിജയനും ബൈചുങ് ബൂട്ടിയയും അണിനിരന്ന ജെ.സി.ടിയിലേക്ക് മാറിയ താരം ക്ലബ്ബിനൊപ്പം 14 ടൂർണമെന്റുകളാണ് വിജയിച്ചത്.

1997-98 സീസണിൽ എഫ്.സി കൊച്ചിനായി കളിച്ച താരം തൊട്ടടുത്ത സീസണിൽ തന്നെ മുൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങി. 2001-ൽ ചാപ്മാന്റെ നേതൃത്വത്തിലാണ് ഈസ്റ്റ് ബംഗാൾ ടീം നാഷണൽ ഫുട്ബോൾ ലീഗ് വിജയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments