കൊടകര: ബാറിലെ പാർക്കിങ് ഏരിയയിൽ വെച്ച് മധ്യവയസ്‌ക്കനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കൊടകര പോലീസ് സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിലായി. കൊടകര മനകുളങ്ങര സ്വദേശികളായ ചാഴിക്കുളം വീട്ടിൽ ആദിത്യൻ (22), എനാശേരി വീട്ടിൽ ആഷിത് (21) എന്നിവരെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 19-ന് രാത്രി 8:30-ഓടെ കൊടകര ഗോൾഡൻ ബാറിന് മുന്നിലെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. നെല്ലായി വയലൂർ സ്വദേശിയായ കിഴക്കുടൻ വീട്ടിൽ സതീശൻ (54) എന്നയാളുടെ പരിചയക്കാരനായ കാർത്തിക്കുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവരെ പിടിച്ചുമാറ്റിയതിലുള വൈരാഗ്യത്താലാണ് പ്രതികൾ സതീശനെ ഹെൽമെറ്റ് ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ സതീശന്റെ ഇടത് കണ്ണിന് താഴെയുള്ള എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്കേറ്റു. അറസ്റ്റിലായ ആദിത്യൻ കൊടകര കണ്ണൂർ ആറളം പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് പോക്സോ കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസിലും പൊതുസ്ഥലത്ത് വച്ച് ലഹരി ഉപയോഗിച്ച കേസിലും അടക്കം 5 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആഷിത് കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും പൊതുസ്ഥലത്തിരുന്നു മദ്യപിച്ച കേസിലും അടക്കം 2 ക്രിമിനൽ കേസിൽ പ്രതിയാണ്. കൊടകര സി ഐ ആനന്ദ്, കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് എസ് ഐ പ്രദീപ് എൻ, ജിഎസ്ഐ മുഹമ്മദ് ഭാഷി, ജിഎസ്ഐ ഗോകുലൻ, സിപിഒ രജിത്ത്, സിപിഒ ശ്രീനാഥ് എന്നിവരെ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
