ഏങ്ങണ്ടിയൂർ: പൊട്ടിവീണ സർവീസ് വയറിൽനിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. സഹോദരിക്ക് പരിക്ക്. ഏങ്ങണ്ടിയൂർ തിരുമംഗലം കിഴക്ക് സെന്റ് തോമസ് റോഡിൽ കുടില്ലത്ത് മടം പ്രിയ(45)യാണ് മരിച്ചത്. സഹോദരി പ്രീതി (25) ചികിത്സയിലാണ്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. ടാർപോളിൻ ഷീറ്റ് കെട്ടിയിരുന്ന കന്പിയിൽ തുണി ഉണക്കാൻ ഇടുന്പോഴായിരുന്നു ദുരന്തം. സർവീസ് വയർ പൊട്ടി ടാർപോളിൻ ഷീറ്റിലെ കന്പിയിൽ കുരുങ്ങിക്കിടക്കുന്നതറിയാതെ കന്പിയിൽ തുണി ഇട്ടതോടെ ഷോക്കേൽക്കുകയായിരുന്നു. പ്രിയയുടെ ശരീരത്തിൽ കമ്പി ചുറ്റിയ നിലയിലായി. ഒപ്പമുണ്ടായിരുന്ന പ്രീതിക്കും ഷോക്കേറ്റു. കെ.എസ്.ഇ.ബി അധികൃതർ ലൈൻ ഓഫ് ചെയ്തതിനെ തുടർന്ന് ഇരുവരേയും ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും അതിനു മുമ്പേ പ്രിയ മരിച്ചു. രണ്ട് മക്കളുണ്ട്.