ചാവക്കാട്: നാഷണല്‍ ഹൈവേ 66 ല്‍ ബൈപ്പാസായി മാറുന്ന ചാവക്കാട് – ചേറ്റുവ റോഡില്‍ നവീകരിക്കാത്ത ചാവക്കാട് മുതല്‍ തങ്ങള്‍പ്പടി വരെ വരുന്ന 1 കിലോ മീറ്റർ റോഡ് നവീകരിക്കുന്നതിന് നാഷണല്‍ ദേശീയപാത അതോറിറ്റി 1.63 കോടി രൂപ അനുവദിച്ചു. ഈ ഭാഗം നവീകരിക്കുന്നതിന് ഫണ്ട് വകയിരുത്താത്ത സാഹചര്യത്തില്‍ എൻ.കെ അക്ബർ എം.എല്‍.എ ഈ വിഷയം ദേശീയപാത അതോറിറ്റിയെയും സംസ്ഥാന സര്‍ക്കാറിനെയും നിരവധി തവണ അറിയിച്ചിരുന്നു. തുടര്‍ന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് തുക അനുവദിക്കണമെന്ന് കാണിച്ച് ദേശീയപാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഫണ്ട് ലഭിക്കുന്നതിന് കാലതാമസം വന്ന സാഹചര്യത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ ഉപയോഗിച്ച് നേരത്തെ കാന നിര്‍മ്മിച്ചിരുന്നു. എന്നാൽ ദേശീയപാത നിര്‍മ്മാണ കമ്പനി താത്കാലികമായി കുഴിയടച്ചുവെങ്കിലും ഗതാഗതം കൂടുതല്‍ പ്രയാസമാകുകയാണ് ഉണ്ടായത്. ദേശീയപാത അതോറിറ്റിയിലും സംസ്ഥാന സര്‍ക്കാര്‍ മുഖേനയും എം.എല്‍.എ നടത്തിയ നിരന്തരമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് റോഡ് ഉയര്‍ത്തി ടാറിംഗ് നടത്തുന്നതിനും ബാക്കി ഭാഗങ്ങളില്‍ കാനനിര്മ്മിക്കുന്നതിനുമായി നാഷണല്‍ ഹൈവേ അതോറിറ്റി 1.63 കോടി രൂപ അനുവദിച്ചത്. സംസ്ഥാന പൊതുമരാമത്ത് ഹൈവേ വിഭാഗമാണ് നിര്‍മ്മാണം നടത്തുകയെന്ന് എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു

