ആൾതാമസമില്ലാത്ത വീട്ടിൽ അതിക്രമിച്ചുകയറി ലക്ഷങ്ങൾ വിലവരുന്ന മോട്ടോറും കാർഷിക യന്ത്രങ്ങളും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. എസ്.എൻ പുരം സ്വദേശി പടിയത്ത് വീട്ടിൽ അബിജിത്താ (19)ണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മെയ് 15-നും മെയ് 23-നും ഇടയിലുള്ള ഒരു ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന 2 എച്ച്.പിയുടെ മോട്ടോർ, പശുവിനെ കറക്കാൻ ഉപയോഗിക്കുന്ന മെഷീൻ, കാർഷിക വിളകൾക്ക് മരുന്നടിക്കുന്ന മെഷീൻ എന്നിവയാണ് പ്രതി മോഷ്ടിച്ചുകൊണ്ട് പോയത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസെടുത്ത് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തി നൊടുവിലാണ് പ്രതിയെ പിടികൂടിയത്. അബിജിത്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് മനുഷ്യജീവന് അപകടം വരത്തക്ക വിധം സ്കൂട്ടർ ഓടിച്ച് വരുന്നത് കണ്ട് പോലീസ് കൈകാണിച്ചതിൽ നിർത്താതെ ഓടിച്ച് പോയ കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ സൗമ്യ, എസ് ഐ അറാഫത്ത്, സി പി ഒ മാരായ ശ്യാംകുമാർ, ഷെമീർ, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

