ഹോളോ ബ്രിക്സ് കമ്പനിയിൽ നിന്ന് ഇരുമ്പുസാധനങ്ങളും മോട്ടോറും ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷ്ടിച്ച ഡൽഹി സ്വദേശി പിടിയിൽ. ന്യൂഡൽഹി തിലക് മാർഗ് തേമു നഗർ സ്വദേശിയായ യൂനസാണ് (27) അറസ്റ്റിലായത്. കൊരട്ടി കിഴക്കുമുറി വില്ലേജ് തിരുമുടിക്കുന്ന് ദേശം ചിറയ്ക്കൽ ആന്റു (59) വാടകയ്‌ക്കെടുത്ത് നടത്തുന്ന വാളൂരിലെ ‘സെന്റ് ജോസഫ് ബ്രിക്‌സ്’ എന്ന സ്ഥാപനത്തിലായിരുന്നു മോഷണം നടന്നത്. ജൂൺ 20-ന് രാത്രി 11 മണിക്കും 21-ന് രാവിലെ 10 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന ഗ്രീസ് അടിക്കുന്ന പമ്പ്, ഇരുമ്പിന്റെ കഷണങ്ങൾ, പൈപ്പിന്റെ ബെൻഡുകൾ, കേബിളുകൾ, മോട്ടോർ എന്നിവയാണ് പ്രതി മോഷ്ടിച്ചത്.
പ്രതിയെ നാട്ടുകാർ തടഞ്ഞു നിർത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. യൂനിസ് ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് മോഷണ കേസുകളിലെ പ്രതിയാണ് .
നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊരട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുമേഷ് സി.എസ്., എ.എസ്.ഐ. ഷീബ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബിലാഷ്, ഉണ്ണികൃഷ്ണൻ, മാർട്ടിൻ, സിവിൽ പോലീസ് ഓഫീസർ അമൽ ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

