Tuesday, June 16, 2026

മമ്മിയൂരിൽ ലോട്ടറി കടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞയാൾ പോലീസ് പിടിയിൽ

ഗുരുവായൂർ: മമ്മിയൂരിൽ ലോട്ടറി കടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞയാൾ പോലീസ് പിടിയിൽ. പാലക്കാട് വിളയൂർ, എംഎൽഎ റോഡിൽ എൽ.പി.എസ് സ്കൂളിനടുത്ത് കളത്തൊടി വീട്ടിൽ അനീഷിനെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ അഞ്ച് രാത്രി 9 മണിയോടെയാണ് മമ്മിയൂർ ജംഗ്ഷനിൽ ഇരിങ്ങപ്പുറം താമരശ്ശേരി വീട്ടിൽ രമേശിന്റെ ഉടമസ്ഥതയിലുള്ള വസന്തം ലോട്ടറി കടയിലേക്ക് അനീഷ് സ്‌ഫോടക വസ്തു എറിഞ്ഞത്. വലിയ പൊട്ടിത്തെറിയോടുകൂടിയുണ്ടായ സ്ഫോടനം  ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയിരുന്നു.  

ഇതേസമയം കടയിൽ ഉണ്ടായിരുന്ന രമേശിന്റെ മകൻ അഭിനവിൻ്റെ ശക്തിക്ക് തകരാർ സംഭവിക്കുകയും ചെയ്തു. തുടർന്ന് അഭിനവ് ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകി.

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ ഗുരുവായൂർ ടെമ്പിൾ പോലീസ് ഗുരുവായൂർ മുതൽ ചാവക്കാട് വരെയുള്ള അമ്പതോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് പ്രതിയെ പിടികൂടിയത്. ചാവക്കാട് ബീച്ചിലുള്ള ഭാര്യ വീട്ടിൽ നിന്നാണ് അനീഷ് പോലീസിന്റെ പിടിയിലായത്. സീനിയർ സിപിഒമാരായ സന്ദീഷ് റമീസ്, സാജൻ, ഡ്രൈവർ ഗഗേഷ് എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments