മാള: പിണ്ടാണിയിൽ വീടിനകത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പിണ്ടാണിയിൽ വാടക വീട്ടിൽ താമസിക്കുന്ന വടക്കേക്കര ഇളംകാട് സ്വദേശി പുതുമന ഷംസാദ് ഭാര്യ റഹ്മത്ത് (32) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കുടുംബ വഴക്കിനെ തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഭർത്താവിനെ പൊലീസ് വടക്കേക്കരയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വഴക്കിനെ തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രാവിലെ രണ്ട് മക്കളേയും കൂട്ടി വടക്കേക്കരയിലേക്ക് പോയി. ഷംസാദിന്റെ ഉമ്മയുടെ അടുത്ത് കുട്ടികളെ ഏൽപ്പിച്ച് കൂട്ടുകാരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. റഹ്മത്തിനെ കൊണ്ടുവരാത്തതിനെ തുടർന്ന് ഉമ്മ പിണ്ടാണിയിലേക്ക് അന്വേഷിച്ചപ്പോഴാണ് അയൽവാസികൾ തിരക്കിയത്. അയൽവാസികളാണ് റഹ്മത്തിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാള പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഷംസാദിനെ വടക്കേക്കര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഒമ്പത് വയസുള്ള ഷറഫുദീനും രണ്ടര വയസുള്ള ഹയാനും മക്കളാണ്.