ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന ആഘോഷം സംഘടിപ്പിച്ചതിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ മറുപടി പറയണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി. സ്കൂളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും നിർബന്ധമായും പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ കമ്മറ്റി പ്രതിഷേധിച്ചു. ഇടതുമുന്നണി ഭരിക്കുന്ന ദേവസ്വം ഭരണസമിതിയുടെ അനുമതി ഇല്ലാതെ സ്കൂളിൽ പരിപാടി നടത്താൻ കഴിയില്ല. അനുമതി നൽകിയില്ലെങ്കിൽ ഈ കാര്യം വ്യക്തമാക്കാൻ ദേവസ്വം ചെയർമാൻ തയ്യാറാകണം. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജില്ല നേതാക്കളും പങ്കെടുത്ത പാർട്ടി പരിപാടിയിൽ പ്രവർത്തി സമയത്ത് സ്കൂൾ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ചത് അന്വേഷിക്കണമെന്നും വിഷയം സംബന്ധിച്ച് ദേവസ്വം – പൊതു വിദ്യാഭ്യാസ മന്ത്രിമാർക്ക് പരാതി അയക്കുമെന്നും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.

