ഗുരുവായൂർ: മാമബസാർ പുതുശ്ശേരി നിവാസികളുടെ അംഗൻവാടി എന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. അംഗൻവാടി നിർമ്മിക്കുന്നതിനായി സ്ഥലം സൗജന്യമായി വിട്ടുനൽകി കേണൽ എം.കെ കൃഷ്ണമേനോൻ. ഏറെക്കാലമായി ഗുരുവായൂർ നഗരസഭ പത്താം വാർഡ് മാമബസാർ പുതുശ്ശേരി നിവാസികളുടെ ആഗ്രഹമായിരുന്നു കുരുന്നുകൾക്കായി ഒരു അംഗൻവാടി കെട്ടിടം എന്നത്. മാറിമാറി വരുന്ന ജനപ്രതിനിധികളോട് അംഗൻവാടി വേണമെന്ന് നിരന്തരം ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പത്താം വാർഡിൽ നിന്ന് മത്സരിച്ച കെ.എം മഹറൂഫിന്റെ പ്രകടനപത്രികയിൽ വാർഡിൽ അംഗൻവാടി നിർമ്മാണം ഉൾപ്പെടുത്തിയിരുന്നു. ഇതോടെ വാർഡ് കൗൺസിലർ മുന്നിട്ടിറങ്ങി സ്ഥലം നൽകാൻ തയ്യാറായ ആളെ കണ്ടെത്തുകയും തുടർനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തു. 5 സെന്റ് സ്ഥലത്തിലാണ് അംഗൻവാടി നിർമ്മിക്കുന്നത്. ഉടമ കൗൺസിലർക്ക് രേഖ കൈമാറി. അത്യാധുനിക സൗകര്യങ്ങൾ കൂടിയ അംഗൻവാടിയാണ് നിർമ്മിക്കുന്നതെന്ന് കൗൺസിലർ കെ.എം മഹറൂഫ് പറഞ്ഞു. നന്ദിനി മേനോൻ, സത്യനാഥൻ, പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

