ചാവക്കാട്: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിദ്യയിലൂടെ വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനുള്ള വെബ്സൈറ്റ് നിർമിച്ച് മദ്റസ അധ്യപകൻ. മന്ദലാംകുന്ന് കിണർ സ്വദേശി മുഹൈദിബ് മൗലവിയാണ് വെബ്സൈറ്റ് നിർമിച്ചത്. റൗളത്തുൽ ഉലൂം ഹയർ സെക്കന്ററി, മള്ഹറുൽ ഹുദാ സെക്കണ്ടറി എന്നീ മദ്രസ്സകളിലെ അധ്യാപകനാണ് മുഹൈദിബ് മൗലവി. വെബ്സൈറ്റിലെ തന്നെ പ്രത്യേക അഡ്മിൻ പാനൽ വഴി പരീക്ഷാ ഫലങ്ങൾ കൈകാര്യം ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത. അധ്യാപകർക്ക് നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്താനും വിദ്യാർഥികൾക്ക് വേഗത്തിൽ ഫലം അറിയാനും ഇതുവഴി സാധിക്കും. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷ ഫലം ഓൺലൈൻ വഴി അറിയാവുന്ന രീതിയിലേക്ക് 30ൽ കൂടുതൽ മദ്രസകൾക്ക് ഇദ്ദേഹം നിർമിച്ചു നൽകിയിരുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന റൗളത്തുൽ ഉലൂം മദ്രസയിൽ കഴിഞ്ഞ ആഴ്ച്ച മദ്രസയുടെ പേരിലുള്ള വെബ്സൈറ്റ് ലോഞ്ച് ചെയ്തു. മദ്രസ സെക്രട്ടറി സ്വാലിഹ് തേച്ചമ്പുരക്കൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മദ്രസ സ്വദർ മുഅല്ലിം നൗഫൽ റഹ്മാനി പ്രാർത്ഥന നടത്തി. അഷറഫ് മൗലവി കുഴിങ്ങര, മുഹയ്‌തിബ് മൗലവി, സിദീഖ് മുസ്‌ലിയാർ, അനസ് മുഈനി, ഹാരിസ് ഫൈസി എന്നിവർ സംസാരിച്ചു. മദ്രസയിൽ നടക്കുന്ന പരിപാടികൾ, പരീക്ഷകൾ എന്നിവയുടെ തീയതി അറിയൽ, നോട്ടീസ് ബോർഡ്, മദ്രസയിലെ ഉസ്താദുമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന അഡ്മിൻ പോർട്ടൽ, വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ അഡ്മിറ്റ് കാർഡ് പോർട്ടൽ, പരീക്ഷാ ഫലം അറിയാൻ റിസൾട്ട് പോർട്ടൽ, അഡ്മിഷൻ പോർട്ടൽ മദ്രസയിൽ നടക്കുന്ന സ്റ്റേജ് ആൻ്റ് ഓഫ് സ്റ്റേജ് പരിപാടിയുടെ റിസൾട്ട് അറിയാൻ ഇവന്റ് പോർട്ടൽ ഏന്നിവയാണ് നിലവിൽ ലഭ്യമായ സേവനങ്ങൾ. ഈ സൈറ്റിൽ കൂടുതൽ നൂതനമായ അപ്ഡേറ്റുകൾ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഹൈദിബ് മൗലവി പറഞ്ഞു. ഈ വർഷം മള്ഹർ ഹുദാ മദ്രസയിൽ ഉസ്താദുമാർക്ക് കുട്ടികളുടെ മദ്രസ ഫീസ് കൈകാര്യം ചെയ്യാൻ സഹായിക്കുന്ന മദ്രസ ഫീ പോർട്ടൽ എന്ന വെബ്സൈറ്റും ഇദ്ദേഹം നിർമ്മിച്ച് നൽകിയിട്ടുണ്ട്. മന്ദലാംകുന്ന് കിണർ സ്വദേശി മുഹമ്മദ് കുട്ടി – നൂർജഹാൻ ദമ്പതികളുടെ മകനാണ് മുഹൈദിബ് മൗലവി.

