ചാവക്കാട്: ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്തെ റോഡിൽ മാഞ്ഞുപോയ സീബ്രാലൈൻ അടിയന്തരമായി വരച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് പൗരാവകാശ വേദിയും നിറം സാംസ്കാരിക വേദിയും സംയുക്തമായി പി.ഡബ്ല്യു.ഡി റോഡ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകി. ചാവക്കാട് നഗരസഭ ബസ് സ്റ്റാൻ്റിനും പഴയ പോസ്റ്റാഫീസിനും മുൻവശത്തുള്ള റോഡിലെ സീബ്രാ ലൈൻ മാസങ്ങളായി മാഞ്ഞ് കിടക്കുകയാണ്. ദിവസേന ആയിരക്കണക്കിന് പേരാണ് ഇതിലൂടെ കടന്നുപോകുക. റോഡിലൂടെ ചീറിപാഞ്ഞുവരുന്ന വാഹനങ്ങളെ കടന്നുപോകാൻ യാത്രക്കാർക്ക് ഇപ്പോൾ ഭീതിയാണ്. വിദ്യാർത്ഥികളും വയോജനങ്ങളും സമീപത്തെ കടകളിൽ ജോലിചെയ്യുന്ന സ്ത്രീകളുൾപ്പെടെ കാൽനട യാത്രക്കാരുണ്ട്. സീബ്രാലൈനിന്റെ അപാകത മൂലം ഇവിടെ അപകടങ്ങൾ പതിവാകുന്നുണ്ട്. അതിനാൽ വ്യക്തമായ സീബ്രാലൈൻ വരച്ചു ചേർക്കണമെന്ന് പരാതിയിൽ ഉന്നയിച്ചു. കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ വളരെ ബുദ്ധിമുട്ടുകയാണെന്നും എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം, നിറം സാംസ്കാരിക വേദി ചെയർമാൻ ലിയാകത്ത് ചാവക്കാട്, അബ്ദുൾ മനാഫ് എന്നിവരാണ് പരാതി നൽകിയത്.

