പുന്നയൂർക്കുളം: തൊഴിയൂർ ചേറ്റട്ടി ശ്രീ അയ്യപ്പക്ഷേത്രത്തിലെ നിറമാല മഹോത്സവം ജനുവരി 17ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹോത്സവത്തിന്റെ ഭാഗമായി രാവിലെ 5 മണിക്ക് ക്ഷേത്രത്തിൽ നടതുറപ്പ്, നിർമ്മാല്യദർശനം തുടങ്ങിയവയും വിശേഷൽ പൂജകളും ഉണ്ടാകും. ഏഴ് മണിമുതൽ ദുർഗ്ഗാ ദേവിക്ക് പറവെപ്പ്, ഉപദൈവങ്ങൾക്ക് പൂജകൾ എന്നിവയും ഉണ്ടാവും. പൂജകൾക്ക് തന്ത്രി സർവ്വശ്രീ മുണ്ടയൂർ മനക്കൽ അരുൺ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ക്ഷേത്രം മേൽ ശാന്തി താഴത്ത് പുറക്കൽ ഷാജി നേതൃത്വം നൽകും. വൈകിട്ട് 3:30ന് വെള്ളിത്തിരുത്തി ഉണ്ണി നായരുടെ നേതൃത്വത്തിൽ നിറമാല മഹോത്സവ എഴുന്നള്ളിപ്പ്, അഞ്ചുമണി മുതൽ ഗോൾഡൻ ഐ, തൊഴിയൂർ നാട്ടുകൂട്ടം, മാതൃസമിതി, ശിവശക്തി തൊഴിയൂർ, തൊഴിയൂർ ദേശം എന്നീ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പൂരം വരവും തുടർന്ന് ദീപാരാധന, കേളി, കൊമ്പ്, കുഴൽപറ്റ്, തായമ്പക, ചുറ്റുവിളക്ക്, എന്നിവയും ഉണ്ടായിരിക്കും. രാത്രി 9 മണിക്ക് താഴത്തെ കാവിൽ നിന്ന് താലം വരവോട് കൂടി നിറമാല മഹോത്സവം സമാപിക്കും. മഹോത്സവത്തിന്റെ ഭാഗമായി തലേ ദിവസം രാത്രി തൊഴിയൂർ നാട്ടുകൂട്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിൻ മെലഡീ ബീറ്റ്സിന്റെ ഗാനമേളയും ഉണ്ടായിരിക്കും. പ്രസിഡന്റ് കെ.വി നിർമ്മലൻ, സെക്രട്ടറി പി.കെ ബാബു, മേൽശാന്തി താഴത്ത് പുരക്കൽ ഷാജി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

