കടപ്പുറം: ഉപ്പുവെള്ളം കയറിയ കടപ്പുറം പുതിയങ്ങാടി കടവ് പ്രദേശം ജനപ്രതിനിധികൾ സന്ദർശിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എം മനാഫ്, ബ്ലോക്ക് മെമ്പർ ആർ.കെ ഇസ്മയിൽ, പഞ്ചായത്ത് മെമ്പർമാരായ നഈമ ബീവി, ദിലീബ് കുമാർ എന്നിവരാണ് സന്ദർശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി വേലിയേറ്റത്തിൽ പുഴയിൽ നിന്നും ഇവിടെ ഉപ്പ് വെള്ളം കയറിയിരുന്നു. രാത്രി സമയങ്ങളിലാണ് വേലിയേറ്റം കൂടുതലും അനുഭവപ്പെടുന്നത്. ഇത് മൂലം ഏറെ ബുദ്ധിമുട്ടാണ് പുഴയോരവാസികൾ നേരിടുന്നത്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ജനപ്രതിനിധികളോട് ആവാശ്യപ്പെട്ടു. ഉപ്പുവെള്ളം കയറിയ കടവ് പ്രദേശത്തെ വിവിധ വീടുകളിലും സംഘം സന്ദർശനം നടത്തി. വീട്ടുകാരുടെ പരാതികളും ആവശ്യങ്ങളും കേട്ടറിഞ്ഞു.
പ്രദേശങ്ങളിൽ സംരക്ഷണഭിത്തി കെട്ടി പരിഹാരം കാണുന്നതിന് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനെ കൊണ്ട് വേണ്ട നടപടി വേഗത്തിൽ എടുപ്പിക്കുമെന്നും സംഘം വീട്ടുകാർക്ക് ഉറപ്പ് നൽകി. മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ സുബൈർ തങ്ങൾ, ബി ടി പൂക്കോയ തങ്ങൾ, ഹുസ്സൻ ചാലക്കൽ, ഷബീർ പുതിയങ്ങാടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

