ഏങ്ങണ്ടിയൂർ: ദേശീയപാത ഏത്തായ് സർവീസ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ദേശീയപാത നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എല്ലാ വാഹനങ്ങളും കടന്നുപോകുന്നത് സർവീസ് റോഡിലൂടെയാണ്. ഈ ഭാഗത്താണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. മാസങ്ങളായി പൈപ്പ് പൊട്ടിയിട്ട്. പൈപ്പ് പൊട്ടിയതുമൂലം റോഡിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവായി. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് ദേശീയപാത കരാർ കമ്പനിയാണെന്നാണ് വാട്ടർ അതോറിറ്റിയുടെ പക്ഷം. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകൂടിയാണ് ഏങ്ങണ്ടിയൂർ. ഏങ്ങണ്ടിയൂരിലെ പല പ്രദേശങ്ങളിലും ഇപ്പോഴും കുടിവെള്ളക്ഷാമം രൂക്ഷമാണ്. അതിനിടയിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തി പരിഹാരം കാണണമെന്ന് പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

