ചാവക്കാട്: കേരള പ്രവാസി സംഘം സ്ഥാപക നേതാക്കളിലൊരാളും ചാവക്കാട് പ്രവാസി ക്ഷേമ സഹകരണ സംഘം സ്ഥാപക നേതാവുമായിരുന്ന എ.സി ആനന്ദൻ അനുസ്മരണത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ഗവ. ആശുപത്രിയിലേക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ കൈമാറി. ചാവക്കാട് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡൻ്റ് എം.എ അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് സർജിക്കൽ ഉപകരണങ്ങളും കൈമാറി. അനസ്തേഷ്യ വിഭാഗം ഡോ. വിന്നിയും ആർ.എം.ഒ.യും ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ പി യതീന്ദ്രദാസ് അനുസ്മരണ പ്രഭാക്ഷണം നടത്തി. സംഘം ഭരണസമിതി അംഗങ്ങളായ അബുരാമനാത്ത്, അബ്ദു രാമഞ്ചത്ത്, ഒ.എസ് ജനാർദ്ദനൻ, ഉസ്ന സൈഫു, ജാസ്മിൻ ഹനീഫ, ഷർമ്മിള ആനന്ദൻ, സംഘം ജീവനക്കാർ, ചാവക്കാട് പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ശാലിനി രാമകൃഷ്ണൻ സ്വാഗതവും ഒ.എസ് ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

