പാലക്കാട് : ചിറ്റൂരിൽ കാണാതായ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കറുകമണി എരുമങ്കോട് ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് – തൗഹിത ദമ്പതികളുടെ മകൻ സുഹാൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് കാലത്ത് നടത്തിയ തിരച്ചിലിൽ സമീപത്തെ കുളത്തിൽ നിന്നാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് കുട്ടിയെ കാണാതായത്. സുഹാനെ കണ്ടെത്താൻ ഇന്നലെ മുതൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. മുഹമ്മദ് അനസ് ഗൾഫിലാണ്. അധ്യാപികയായ അമ്മ തൗഹിത ഈസമയം പാലക്കാട്ട് പോയിരിക്കുകയായിരുന്നു.
വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുകയായിരുന്നു. സുഹാന്റെ അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. ഈ സമയം മുത്തശ്ശി അടുക്കളയിൽ ജോലിചെയ്യുകയായിരുന്നു. കുറച്ചുകഴിഞ്ഞ് സുഹാനെ കാണാതായപ്പോൾ അന്വേഷിക്കുകയായിരുന്നു. വഴക്കുകൂടിയതിനെത്തുടർന്ന് പുറത്തിറങ്ങിപ്പോയതായി സഹോദരൻ പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, നാട്ടുകാരുമായിച്ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ പോലീസിൽ പരാതിനൽകി.
തുടർന്ന്, ചിറ്റൂർ പോലീസും ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ സമീപത്തെ കുളങ്ങളിലും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. രാത്രി എട്ടുമണിയോടെ തിരച്ചിൽ താത്കാലികമായി അവസാനിപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

