പുന്നയൂർ: എടക്കഴിയൂരിൽ ഒരു വിഭാഗം അലങ്കോലമാക്കിയ യോഗം ഐ ഗ്രൂപ്പ് യോഗമല്ലെന്ന് ഡി.സി.സി സെക്രട്ടറി എം.വി ഹൈദർ അലി. 21 ന് എടക്കര സിങ്കപ്പൂർ പാലസിൽ നടക്കുന്ന പുന്നയൂർ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയുടെയും 22 ന് യു.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന വാഹന ജാഥയും വിജയിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി പഞ്ചായത്തിലെ 9, 11, 12, 13, 15 വാർഡുകളിലെയും ഒറ്റയിനി ബ്ലോക്ക് ഡിവിഷനിലെയും കോൺഗ്രസ്സ് സ്ഥാനാർഥികളുടെയും പ്രധാന പ്രവത്തകരുടെയും യോഗമാണ് നടന്നത്. യോഗത്തിലേക്ക് ഈ പ്രദേശത്തിനു പുറത്തുള്ള ചിലർ വരികയും അവരെ ക്ഷണിക്കാത്തതിനെ കുറിച്ച് ചോദ്യം ചെയ്ത് പ്രശ്നമുണ്ടാക്കുവാൻ ശ്രമിക്കുകയായിരുന്നു. പ്രശ്നമുണ്ടാക്കിയവരാണ് ഇത് ഗ്രൂപ്പ് യോഗമായി ചിത്രീകരിച്ചു വാർത്ത നൽകിയതെന്നും ഹൈദരാലി പറഞ്ഞു. ഈ യോഗം പരസ്യമായി പൊതു സ്ഥലത്ത് വെച്ചു ചേർന്നതാണെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കു മറിയാം. ഇതിനെ ഗ്രൂപ്പ് യോഗമാക്കി അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങൾ പ്രവർത്തകർ തള്ളിക്കളയുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

