ഗുരുവായൂർ: ബ്രഹ്മകുളം സെന്റ് തോമസ് ചർച്ച് വെൽഫെയർ സൊസൈറ്റിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു. മാർ ബോസ്കോ പുത്തൂർ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെക്കുറിച്ചും ജൂബിലി വർഷത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും സൊസൈറ്റി പ്രസിഡന്റ് ഫാദർ ഡേവീസ് പനംകുളം വിശദീകരിച്ചു. സൊസൈറ്റിയുടെ വളർച്ചയ്ക്ക് നിർണായകമായ സംഭാവന നൽകിയ 1951ൽ ബ്രഹ്മകുളം പള്ളി വികാരി ആയിരുന്ന സ്ഥാപക പ്രസിഡന്റ് ഫാദർ ജോൺ കുറ്റിക്കാടിനെയും സൊസൈറ്റിയോട് ചേർന്ന് പ്രവർത്തിക്കുന്ന കുറി കമ്പനിയുടെ സ്ഥാപകൻ ഫാദർ ചാക്കോ ചെറുവത്തൂരിനെയും സൊസൈറ്റി ഉപാധ്യക്ഷൻ പി.കെ ഗബ്രിയേൽ അനുസ്മരിച്ചു. ഇടവകയിലുള്ള നാനാജാതി മതസ്ഥർക്ക് ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, രോഗി പരിചരണം, സാധു കുടുംബങ്ങളുടെ സംരക്ഷണം, പലിശരഹിത വായ്പ തുടങ്ങിയ വിവിധ പരിപാടികൾ സൊസൈറ്റിയുടെ കീഴിൽ നടന്നുവരുന്നു. പ്ലാറ്റിനം ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് 75 കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റ് നൽകുന്നുണ്ട്. ജൂബിലി വർഷത്തിൽ ഓരോ മാസവും വ്യത്യസ്ത ചാരിറ്റി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കലും സ്നേഹവിരുന്നും ഉണ്ടായി.
ജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ റോബിൻ വാഴപ്പിള്ളി, സൊസൈറ്റി സെക്രട്ടറി ജാൻസി ജയ്സൻ എന്നിവർ നേതൃത്വം നൽകി.

