ചാവക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന അശാസ്ത്രീയമായ ദിശാബോർഡുകൾ മാറ്റണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പോലീസിൽ പരാതി നൽകി. ചാവക്കാട് സബ് ഇൻസ്‌പെക്ടർ സജിത്തിനാണ് പരാതി സമർപ്പിച്ചത്. നിലവിൽ ചാവക്കാട് സെന്ററിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ യാത്രക്കാരെയും ഡ്രൈവർമാരെയും ഒരുപോലെ വലയ്ക്കുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. പൊന്നാനി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പൊന്നാനി ഭാഗത്തുനിന്ന് വരുന്ന മുഴുവൻ വാഹനങ്ങളും ഇടത്തോട്ട് തിരിയണമെന്നാണ് ബോർഡിലെ നിർദ്ദേശം. ഇതുമൂലം എറണാകുളം, ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ടവർ നഗരം ചുറ്റേണ്ടി വരികയും ഗതാഗതക്കുരുക്ക് വർദ്ധിക്കുകയും ചെയ്യുന്നു. ഏനാമാവ് റോഡ് വഴി എളുപ്പത്തിൽ പോകാൻ അനുമതിയുള്ളപ്പോഴാണ് ഈ ദുരിതം. ഗുരുവായൂരിലേക്കുള്ള യാത്രക്കായി കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ചാവക്കാട് സെന്ററിൽ നിന്ന് വലത്തോട്ട് തിരിയാൻ അനുമതിയുണ്ടെങ്കിലും ബോർഡിൽ അത് സൂചിപ്പിച്ചിട്ടില്ല. പകരം മുതുവട്ടൂർ വഴി ചുറ്റിപ്പോകാനാണ് നിർദ്ദേശിക്കുന്നത്. ഇത് ഹയാത്ത് ഹോസ്പിറ്റൽ പരിസരത്തും ഓവുങ്ങലിലും രൂക്ഷമായ തിരക്കിന് കാരണമാകുന്നു. പഞ്ചാരമുക്ക് വഴി ഗുരുവായൂരിലേക്ക് പോകാൻ വ്യക്തമായ ദിശാബോർഡുകൾ സ്ഥാപിക്കണമെന്നും, എറണാകുളം – തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ടവർക്ക് എം.കെ സൂപ്പർ മാർക്കറ്റ് റോഡ് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ബോർഡുകളിൽ മാറ്റം വരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ടി.എം ഷെഫീദ്, ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ദിലീപ് അത്താണി, ബേബി റോഡ് ബ്രാഞ്ച് പ്രസിഡന്റ് റഫീദ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്

