Tuesday, December 16, 2025

ഗുരുവായൂർ ക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാരപ്രധാനമാണ്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. ശ്രീലകത്തു നിന്നും നൽകിയ അഗ്നി കൂത്തമ്പലത്തിലെ മണ്ഡപ ദീപത്തിൽ പകർന്നതോടെയാണ് കൂത്ത് ആരംഭിച്ചത്. പന്തീരടി പൂജയ്ക്ക് മുൻപ് കുട്ടഞ്ചേരി സംഗീത് ചാക്യാർ ഹനുമാൻ വേഷധാരിയായി നാലമ്പലത്തിൽ പ്രവേശിച്ച് സോപാനപ്പടിക്കയറി മണിയടിച്ച് ഗുരുവായൂരപ്പനെ വണങ്ങി. ദക്ഷിണ സ്വീകരിച്ച് ശ്രീലകത്തു നിന്ന് മേൽശാന്തി തീർത്ഥവും പ്രസാദവും നൽകി. നാലമ്പലത്തിനുള്ളിൽ മേൽവസ്ത്രം ധരിച്ച് പ്രവേശിക്കാനും ദർശനം നടത്താനുമുള്ള അവകാശം അംഗുലീയാങ്കത്തിലെ ഹനുമാൻ വേഷധാരിയായ ചാക്യാർക്ക് മാത്രം അവകാശപ്പെട്ടതാണ്. ഹനുമാൻ നേരിട്ടു വന്ന് ഭഗവാനെ തൊഴുത് പ്രസാദം സ്വീകരിക്കുന്നു എന്നാണ് സങ്കല്പം. ശ്രീലകത്തു നിന്ന് മേൽശാന്തി നേരിട്ട് പ്രസാദം നൽകുന്നതും ഹനുമാനു മാത്രമാണ്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണ സമിതി അംഗം കെ.എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ,ഭക്തർ എന്നിവർ  ചടങ്ങിൽ സന്നിഹിതരായി. പാരമ്പര്യക്കാരനായ ചാക്യാർ നടത്തുന്ന 12 ദിവസം നീണ്ടു നിൽക്കുന്ന കൂത്തിൽ നമ്പ്യാർ മിഴാവിലും നങ്ങ്യാർ താളത്തിലും പങ്കുചേരും. അടിയന്തിരക്കൂത്തും സമർപ്പണവും അനുബന്ധ ചടങ്ങുകളും വീക്ഷിക്കാൻ മണ്ഡലക്കാലത്ത് ഭക്തജനങ്ങൾ ഏറെയെത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments