ഗുരുവായൂർ: ഗുരുവായൂരിൽ ഇന്നലെ പിടിയിലായ ഓൺലൈൻ സെക്സ്‌റാക്കറ്റ് സംഘത്തിൽ കേരളത്തിലുടനീളം ഏജന്റുമാരുണ്ടെന്ന് പോലീസ്. അഞ്ച് വാട്‌സ് ആപ്പ് കമ്യൂണിറ്റികൾ വഴിയാണ് സംഘം സെക്സ് വാണിഭത്തിന് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. കേസിലെ ഒന്നാംപ്രതിയും ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂർ നെൻമിനി അമ്പാടി വീട്ടിൽ അജയ് വിനോദ്(24), ഏജന്റുമാരായ കൊടുങ്ങല്ലൂർ എസ്.എൻ പുരം പനങ്ങാട് മരോട്ടിക്കൽ വീട്ടിൽ എം.ജെ ഷോജിൻ(21), ഗുരുവായൂർ പടിഞ്ഞാറേനടയിലെ ലോഡ്ജ് ജീവനക്കാരൻ പാലക്കാട് പെരിങ്ങോട് അയിനിക്കാട്ട് രഞ്ജിത്ത്(41) എന്നിവരെ ഇന്നലെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഗുരുവായൂർ എ.സി.പി സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാറാണ് പ്രതികളെ അറസ്റ്റുചെയ്തത്. ടെമ്പിൾസ്റ്റേഷന് എതിർവശത്തെ ലോഡ്ജിൽനിന്നാണ് അജയ് വിനോദിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് ഏജന്റുമാരെ പറ്റി വിവരം ലഭിച്ചത്. അജയിനെ റിമാൻഡ് ചെയ്തു. മറ്റു രണ്ടു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിൻ ഒരു സ്ത്രീയാണ്. അവരെയും മറ്റ് ഏജന്റുമാരെയും പറ്റി അന്വേഷണം ഊർജിതമാക്കി. ’ഓൾ കേരള റിയൽ മീറ്റ് സർവീസ്’ (ആർഎംഎസ്) എന്ന പേരിലാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് അറിയപ്പെടുന്നത്. ഒന്നര വർഷത്തിലേറെയായി സംഘം പ്രവർത്തിക്കുന്നുണ്ട്. ഒരു രാത്രിക്ക് 30,000 രൂപ വരെ സംഘം ആവശ്യക്കാരിൽ നിന്ന് ഈടാക്കിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ പല ലോഡ്‌ജുകളിലെയും ജീവനക്കാർ സെക്സ്‌റാക്കറ്റ് സംഘവുമായി രഹസ്യമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതി ബാങ്ക് ജോലി ലഭിച്ചിട്ടും അതൊഴിവാക്കിയാണ് ഈ പണിക്കിറങ്ങിയതെന്നും പോലീസ് പറഞ്ഞു.

