ചാവക്കാട്: എസ്.ഡി.പി.ഐ നേതാക്കളെയും പ്രവർത്തകരേയും അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തൃശൂർ ജില്ലാ കമ്മിറ്റി ചാവക്കാട് ഹൈവേ ഉപരോധം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി പി.ആർ. സിയാദ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സമരങ്ങളെ പോലീസ് ഭയപ്പെടുന്നതിന്റെ തെളിവാണ് പാലക്കാട് നോർത്ത് പോലീസിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അറസ്റ്റുകളെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് നോർത്ത് പോലീസ് സബ് ഇൻസ്‌പെക്ടർ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ നിരപരാധികളായ രണ്ട് ചെറുപ്പക്കാരെ അകാരണമായി പിടിച്ചു കൊണ്ടുപോകുകയും പോലീസ് മുറ പ്രയോഗിക്കുകയും വംശീയാധിക്ഷേപകരമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സ്വകാര്യ ഭാഗങ്ങളിൽ തീ കൊണ്ട് പൊള്ളിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോൾ പോലിസ് തന്നെ ഒരു ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി മർദിച്ചു പോലീസിന് അനുകൂലമായ വീഡിയോ ഇരകൾക്കെതിരെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് 11 വയസ്സുകാരി കലാപം ആസൂത്രണം ചെയ്തുവെന്ന് പറഞ്ഞു വെടിവെച്ചു കൊന്ന ആർ.എസ്.എസ്. സ്നേഹികളായ പാലക്കാട് പോലീസ് തന്നെയാണ് ഇതിന്റെയും പിന്നിലുള്ളതെന്ന് വ്യക്തമാണ്. സുധീഷ് കുമാറിനെതിരെ പീഡനത്തിനിരയാക്കപ്പെട്ടയാളും, കുടുംബവും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പോലിസ് ആർ.എസ്.സിന് അടിമപ്പെട്ടു പോയിരിക്കുന്നതായിട്ടാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പോലീസ് സ്റ്റേഷനിൽ നടന്ന ഈ അക്രമങ്ങൾക്കെതിരെ നിയമപരമായും, ജനാധിപത്യ പരമായും സമരം ചെയ്ത എസ്.ഡി.പി.ഐ. പാലക്കാട് ജില്ലാ പ്രസിഡണ്ട് അമീർ അലി, പോപുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി.എ റഊഫ് അടക്കമുള്ള നേതാക്കന്മാരെയും, പാർട്ടി പ്രവത്തകരെയും കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്ത് കള്ളക്കേസുകൾ ചുമത്തിയതിന്റെ ഭാഗമായി ജയിലിലടക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈവേ ഉപരോധത്തിന് ജില്ല പ്രസിഡണ്ട് ഇ.എം ലത്തീഫ്, ജില്ല ജനറൽ സെക്രട്ടറി നാസർ പരൂർ, ജില്ലാ വൈസ് പ്രസിഡണ്ട് ബി.കെ. ഹുസൈൻ തങ്ങൾ, ജില്ലാ കമ്മറ്റി അംഗങ്ങളായ ആസിഫ് അബ്ദുള്ള, അനീസ് കൊടുങ്ങല്ലൂർ, ഫൈസൽ ഇബ്രാഹിം, മണ്ഡലം പ്രസിഡണ്ടുമാരായ ടി.എം അക്ബർ, കബീർ പഴുന്നാന, ഫൈസൽ ആളൂർ, എന്നിവർ നേതൃത്വം നൽകി.