തൃശൂർ: സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ഇന്ന് പവന്റെ വില ഒറ്റയടിക്ക് 2,400 രൂപ കൂടി 94,360 രൂപയായി. 91,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 300 രൂപ വര്‍ധിച്ച് 11,795 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവന്റെ വിലയില്‍ 16,720 രൂപയുടെ വര്‍ധനവാണുണ്ടായത്. ദിനംപ്രതിയെന്നോണം റെക്കോഡ് ഭേദിച്ചാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. ഈ മുന്നേറ്റം തുടര്‍ന്നാല്‍ പവന് ഒരു ലക്ഷം രൂപ മറികടക്കാന്‍ ഇനി അധികദിനങ്ങള്‍ വേണ്ടിവരില്ല. രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,124.79 ഡോളറായി. യുഎസ്-ചൈന വ്യാപാര സംഘര്‍ഷം വര്‍ധിച്ചതാണ് സ്വര്‍ണം നേട്ടമാക്കിയത്. യുഎസ് കേന്ദ്ര ബാങ്ക് നിരക്ക് കുറച്ചേക്കാനുള്ള സാധ്യത കൂടിയതും സ്വര്‍ണം നേട്ടമാക്കി.