ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ കഴിഞ്ഞ 25 വർഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിൻ്റെ കെടുകാര്യസ്ഥതകൾ തുറന്ന് കാട്ടി കുറ്റവിചാരണ നടത്തുന്നതിനായി കോൺഗ്രസ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 9,10,11 തിയ്യതികളിൽ ഗുരുവായൂർ മോചന യാത്ര എന്ന പേരിൽ പദയാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മല്ലാട് സെൻ്ററിൽ കെ.പി.സി.സി.രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എൻ പ്രതാപൻ യാത്ര ഉദ്ഘാടനം ചെയ്യും. പൂക്കോട് മേഖലയിൽ സഞ്ചരിക്കുന്ന യാത്ര മണിഗ്രാമത്തിൽ സമാപിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവെങ്കിടം സെൻ്ററിൽ
ഗുരുവായൂർ മേഖലയിലെ യാത്ര ഡി.സി.സി സെക്രട്ടറി ടി.എസ് അജിത് ഉദ്ഘാടനം ചെയ്യും. വൈകീട്ട് കിഴക്കെ നടയിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ സമാപിക്കും. തൈക്കാട് മേഖലയിലെ യാത്ര ശനിയാഴ്ച രാവിലെ ഒമ്പതിന് പഞ്ചാര മുക്കിൽ യു.ഡി.എഫ് ജില്ല ചെയർമാൻ ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ചൊവ്വല്ലൂർപടി സെൻ്ററിൽ നടക്കുന്ന സമാപന സമ്മേളനം ഡി.സി.സി മുൻ പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും.
നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത്, മണ്ഡലം പ്രസിഡണ്ടുമാരായ ഒ.കെ. ആർ. മണികണ്ഠൻ, ആൻ്റോ തോമാസ്, ബി.വി. ജോയ്, പ്രതിപക്ഷ ഉപനേതാവ് കെ.പി. എ. റഷീദ്, കോ-ഓർഡിനേറ്റർ ആർ.രവികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.