തൃശൂർ: പോലീസുകാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ എൻ.ഡി.എഫ് പ്രവർത്തകരായിരുന്ന എട്ടു പേരെ കോടതി വെറുതെ വിട്ടു. എൻ.ഡി.എഫ് പ്രവർത്തകരായിരുന്ന ശിഹാബുദ്ദീൻ ചാമക്കാല, ഇംതിയാസ് ചാവക്കാട്, ഷൗക്കത്ത് ബ്ലാങ്ങാട്, വാഹിദ് കുന്നംകുളം, റാഷിദ് കുന്നംകുളം, അഫ്സൽ എടത്തിരുത്തി, ഷാഹുൽഹമീദ് മാള, സൈനുദ്ദീൻ പുതിയകാവ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണൽ സബ് ജഡ്‌ജ് ലക്ഷ്മി കെ തമ്പി വെറുതെ വിട്ടത്. 2005 മെയ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. വാടാനപ്പള്ളി പ്രദേശത്തുണ്ടായ ഒരു കൊലപാതക കേസിൽ എൻ.ഡി.എഫ് പ്രവർത്തകരെ പോലീസ് പ്രതി ചേർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് എൻ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ അന്നത്തെ വലപ്പാട് സി.ഐ ആയിരുന്ന മധു, മൂന്ന് എസ്.ഐമാർ എന്നിവരെ ആക്രമിച്ചെന്നും മാരകായുധങ്ങളുമായി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ ആരോപിച്ച കേസിലാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടു കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. സുധീഷ് കെ മേനോൻ വാടാനപ്പള്ളി ഹാജരായി.