ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന 600 ലധികം വരുന്ന തീരദേശ നിവാസികൾക്ക് പട്ടയം അനുവദിക്കുന്ന നടപടി ഡിസംബർ മാസത്തോടെ പൂർത്തീകരിക്കാൻ തൃശൂർ ജില്ല റവന്യു അസംബ്ലിയിൽ തീരുമാനമായതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലെ കടല്‍പുറമ്പോക്ക് , അണ്‍സര്‍വ്വേ ലാന്‍റ് എന്നിവയില്‍ താമസിക്കുന്ന അറുനൂറോളം പേര്‍ക്ക് പട്ടയം അനുവദിക്കുന്നതിന് 2024 ഒക്ടോബര്‍ മാസത്തില്‍ ചേർന്ന നിയമസഭ സമ്മേളനത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചാവക്കാട് താലൂക്ക് പരിധിയില്‍ വരുന്ന കടപ്പുറം, മണത്തല, പുന്നയൂര്‍, പുന്നയൂര്‍ക്കുളം വില്ലേജുകളിലെ അണ്‍സര്‍വ്വേഡ് കടല്‍ പുറമ്പോക്ക് 1961 ലെ സര്‍വ്വേ ആന്‍റ് ബൌണ്ടറീസ് ആക്ട് പ്രകാരം സര്‍വ്വേ ചെയ്യുന്നതിനായി കരട് വിഞ്ജാപനം തയ്യാറാക്കുന്നതിന് ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ വില്ലേജുകളിലെ ഹൈ ടൈഡ് ലൈന്‍ നിശ്ചയിക്കുന്നതിന് ചീഫ് ഹൈഡ്രോഗ്രാഫര്‍ക്ക് 231835/- രൂപ ജില്ലാ കളക്ടര്‍ അനുവദിച്ച് ഉത്തരവായിട്ടുള്ളതാണ്. ഹൈഡ്രോളജിക്കല്‍ സര്‍വ്വേ നടത്തി ഹൈ ടൈഡ് ലൈന്‍ നിജപ്പെടുത്തിക്കഴിഞ്ഞാല്‍ വിജ്ഞാപനം പുറപ്പെടുവിച്ച് കൈവശക്കാരില്‍ നിന്നും പട്ടയഅപേക്ഷ വാങ്ങി പട്ടയം അനുവദിക്കുന്നതാണ്. ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ മാസത്തോടെ പട്ടയം ലഭ്യമാക്കുന്നതിന് ജില്ല റവന്യൂ അസംബ്ലിയില്‍ തീരുമാനമായതായും എംഎൽഎ അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന തൃശൂർ ജില്ല റവന്യു അസംബ്ലിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു, തൃശൂർ ജില്ലയിലെ എം എൽ എമാർ, ലാൻഡ് റവന്യു കമ്മീഷണർ, ജില്ലാ കളക്റ്റർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.