ചാവക്കാട്: ചാവക്കാട് എസ്.ഐ ഉൾപ്പെട്ട പോലീസുകാരെയും യുവാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചാവക്കാട് ബേബി റോഡിൽ ചക്കരവീട്ടിൽ നിസാർ അമീറി(36)നേയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്ത്. ഇന്ന് പുലർച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചാവക്കാട് പോലീസിൻ്റെയും നാട്ടുകാരുടേയും സമയോചിത ഇടപെടലിൽ മൂന്ന് ജീവനാണ് രക്ഷപ്പെട്ടത്.
സഹോദരനെ കുത്തി പരിക്കേൽപ്പിക്കുകയും മാതാപിതാക്കളെ കത്തിവീശി ഉപദ്രവിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതിയെയാണ് ചാവക്കാട് പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടിയത്. വീട്ടുകാരെ രക്ഷിച്ചതിൻ്റെ വിരോധത്തിലാണ് പ്രതി ചാവക്കാട് എസ്.ഐ ഉൾപ്പെടെയുള്ള പോലീസുകാരെയും കുത്തി പരിക്കേൽപ്പിച്ചത്. കൈക്ക് കുത്തേറ്റ
സബ് ഇൻസ്പെക്ടർ ശരത് സോമൻ സിവിൽ പോലീസ് ഓഫീസർ ടി അരുൺ എന്നിവരെ തൃശ്ശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ബേബി റോഡിലുള്ള വീട്ടിൽ ഒരാൾ വീട്ടുകാരെ കത്തിവീശി ഉപദ്രവിക്കുന്നു എന്ന് സ്റ്റേഷനിലേക്ക് വിവരം ലഭിച്ചു. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ശരത് സോമനും സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, റോബിൻസൺ എന്നിവരുമൊത്ത് വീട്ടിലെത്തി. കത്തിയുമായി നിന്നിരുന്ന പ്രതിയെ കീഴടക്കാനുള്ള ശ്രമത്തിനിടയിൽ ഇയാൾ കത്തി ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. വീട്ടുകാരെ പോലീസുദ്യോഗസ്ഥർ രക്ഷിച്ചതിലുള്ള വിരോധത്തിലാണ് പ്രതി സബ് ഇൻസ്പെക്ടർ ശരത് സോമനേയും സിവിൽ പോലീസ് ഓഫീസർ അരുണിനേയും കത്തികൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയും സ്റ്റീൽ പൈപ്പുകൊണ്ട് ആക്രമിക്കുകയും ചെയ്തത്. പിന്നീട് ഇൻസ്പെക്ടർ വി.വി വിമലിൻെറ നേതൃത്വത്തിലെത്തിയ കൂടുതൽ പോലീസുദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അതിസാഹസികമായി പ്രതിയെ കീഴടക്കി. പരിക്കേറ്റ സബ് ഇൻസ്പെ്കറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാൽ തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമത്തിൽ സിവിൽ പോലീസ് ഓഫീസർ അരുണിൻ്റെ വിരലൊടിയുകയും ചെയ്തിരുന്നു. സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ്, പ്രദീപ്, ശിവപ്രസാദ്, റോബിൻസൺ, ഹരികൃഷ്ണൻ എന്നിവരും നാട്ടുകാരായ സുബൈർ, ഷഹ്വാൻ എന്നിവരും ചേർന്നാണ് പ്രതിയെ കീഴടക്കിയത്.