ചാവക്കാട്: നഗരസഭ പ്രതിപക്ഷ നേതാവും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമായ കെ.വി സത്താറിനെതിരെ നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത ആരോപണമാണെന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആരോപിച്ചു. ചാവക്കാട് നഗരസഭയുടെ അഴിമതികൾ പൊതു ജന മദ്ധ്യത്തിൽ തുറന്ന് കാട്ടിയ സത്താറിനെ നിശബ്ദനാക്കാൻ വേണ്ടി മാത്രമാണ് ഈ വില കുറഞ്ഞ ആരോപണം പ്രചരിപ്പിക്കുന്നതെന്ന് യോഗം വിലയിരുത്തി. ചാവക്കാട് നഗരസഭ 9-ാംവാർഡിലെ പാലിയേറ്റീവ് കമ്മറ്റിയാണ് രണ്ട് ഉദാരമനസ്ക്കരുടെ സഹായത്താൽ ആംബുലൻസ് വാങ്ങിയത്. ആംബുലൻസ് വാർഡിലെ ജനങ്ങൾ ഉപയോഗിച്ചിരുന്നതുമാണ്. എന്നാൽ വാഹനം ടെസ്റ്റ് നടത്തുന്നതിന്റെ ഭാഗമായി അറ്റകുറ്റ പണികൾക്കായി വർക്ക് ഷോപ്പിൽ കയറ്റിയിരിക്കുകയാണ്. ഈ കാര്യം പാലിയേറ്റീവ് കമ്മറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസ് വാങ്ങിക്കുന്നതിന് മറ്റ് വ്യക്തികളിൽ സംഭാവന സ്വീകരിച്ചിട്ടില്ലെന്നിരിക്കെ അനാവശ്യ ആരോപണം ഉന്നയിക്കുന്നത് രാഷ്‌ട്രീയപാപ്പരത്തമാണെന്നും 2019 ൽ എൻ കെ അക്ബർ നഗരസഭ ചെയർമാനായിരിക്കെ പണി തുടങ്ങിയ പൂക്കുളം പദ്ധതിയിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് കോടതിയിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് ഈ വിലകുറഞ്ഞ ആരോപണംഉന്നയിക്കുന്നതിന് കാരണമെന്നും യോഗം ആരോപിച്ചു. പൂക്കുളം പദ്ധതിയിലെ അഴിമതിക്കെതിരെ ശക്തമായ സമരവുമായി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് മുന്നോട്ട് പോകുമെന്നും കെ.വി സത്താറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഡി.സി.സി സെക്രട്ടറി അഡ്വ ടി.എസ് അജിത് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ഡി വീരമണി, ഫൈസൽ ചാലിൽ, സി.എ ഗോപ പ്രതാപൻ, ആർ രവികുമാർ, ഇർഷാദ് ചേറ്റുവ, എച്ച്.എം നൗഫൽ, കെ.പി ഉദയൻ, പി.വി ബദറുദ്ദീൻ, നൗഷാദ് കൊട്ടിലിങ്ങൽ, കെ.വി ഷാനവാസ്, സി മുസ്താക്കലി, കെ.എം ഇബ്രാഹിം, സി.ജെ റെയ്മണ്ട് , എം.എസ് ശിവദാസ്, വിജയകുമാർ അകമ്പടി, മണ്ഡലം പ്രസിഡണ്ടുമാരായ ഓ.കെ ആർ മണികണ്ഠൻ, കെ.ജെ ചാക്കോ, സുനിൽ കാര്യാട്ട്, നളിനാക്ഷൻ ഇരട്ടപ്പുഴ എന്നിവർ സംസാരിച്ചു.