ഗുരുവായൂർ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മമ്മിയൂർ ദേവസ്വം നൽകി വരാറുള്ള കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്കാരം കൂത്ത് കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രാമ ചാക്യാർക്ക് സമർപ്പിച്ചു. മമ്മിയൂർ ക്ഷേത്രം നടരാജ മണ്ഡപത്തിൽ നടന്ന നൃത്ത-സംഗീതോത്സവം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ ഹരിഹര കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല പ്രഥമ വൈസ് ചാൻസലർ ഡോ. കെ.ജി പൗലോസ് കലാമണ്ഡലം രാമ ചാക്യാർക്ക് പുരസ്കാരം സമർപ്പിച്ചു. വി.പി ഉണ്ണികൃഷ്ണൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ കെ.കെ പ്രമോദ് വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർ രേണുക ശങ്കർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം ആർ. ജയകുമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ.കെ ഗോവിന്ദ് ദാസ്, കെ.കെ വിശ്വനാഥൻ, മുൻ ട്രസ്റ്റി ബോർഡ് അംഗം പി. സുനിൽകുമാർ, പി.എസ് ബൈജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മഹാദേവൻ തിരുവന്തപുരത്തിൻ്റെ വീണ കച്ചേരി അരങ്ങേറി. തുടർന്നുള്ള ദിവസങ്ങളിൽ പ്രമുഖ സംഗീതജ്ഞരുടെ സംഗീത കച്ചേരി, നൃത്ത-നൃത്യങ്ങൾ, എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ സംഗീതാർച്ചന, വൈകിട്ട് 4.30 മുതൽ നൃത്താഞ്ജലി, വിജയ ദശമി ദിവസം വൈകീട്ട് കഥകളിയും ഉണ്ടാകും.