പുന്നയൂർക്കുളം: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് നവീകരിച്ച് മിനിസ്റ്റേഡിയമാക്കുന്നതിന് കായിക വകുപ്പ് 1 കോടി രൂപ അനുവദിച്ചു. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായിക വകുപ്പിന്‍റെ ഫണ്ടും എം.എല്‍.എ ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുരുവായൂര്‍ മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി പ്രകാരം 2-ാമത്തെ ഗ്രൗണ്ടിനാണ് തുക അനുവദിക്കുന്നതെന്ന് എൻ.കെ അക്ബര്‍ എം.എൽ.എ അറിയിച്ചു. പുന്നയൂര്‍ക്കുളത്തെ കായിക പ്രേമികളുടെ മികച്ച നിലവാരത്തിലുള്ള കളിസ്ഥലം എന്ന വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. നേരത്തെ അനുവദിച്ച പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം നവീകരണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്.