ഗുരുവായൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വികസനമുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. തൈക്കാട് ജംഗ്ഷനിൽ സി.പി.ഐ ജില്ല കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൈക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എം ഷഫീർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ എം കൃഷ്ണദാസ് ക്യാപ്റ്റനും ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മഷനോജ് വൈസ് ക്യാപ്റ്റനും ജനതാദൾ എസ് നേതാവ് എം മോഹൻദാസ് മാനേജരുമായുള്ള ജാഥയ്ക്കാണ് ഇന്നലെ തുടക്കം കുറിച്ചത്. സമസ്ത മേഖലയിലും സമഗ്ര വികസനം കൊണ്ടുവന്ന ജന ക്ഷേമ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഭരണ നേട്ടങ്ങൾ അക്കമിട്ട് പൊതുജന സമക്ഷം വിശദീകരിച്ചു കൊണ്ടാണ് ജാഥക്ക് സമാരംഭം കുറിച്ചത്. വികസന പ്രവർത്തനങ്ങളിലെ ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ച ഭരണസമിതി എന്ന നിലയിൽ ആത്മാഭിമാനത്തോടെയാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നതെന്നും വികസന തുടർച്ചയ്ക്ക് ഇടതുഭരണം തുടരുമെന്നും ഇടതു നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു. മുന്നണി നേതാക്കളായ സി സുമേഷ്, ടി ടി ശിവദാസൻ, പി എസ് ജയൻ, ഗീതാഗോപി, എ അശ്വിൻ എന്നിവർ സംസാരിച്ചു. സി.ജേ ബേബി സ്വാഗതവും ജെയിംസ് മാസ്റ്റർ നന്ദിയും പറഞ്ഞു.