വടക്കേക്കാട്: അകലാട് മൂന്നൈനിയിലെ സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ ദമ്പതികൾ ഉൾപ്പെടെ ആറു പേർ പോലീസിൻ്റെ പിടിയിൽ. അകലാട് മൂന്നൈനി താഴത്തു വീട്ടിൽ ഹംസക്കുട്ടി (42), ഭാര്യ ഷബീന (36), മുള്ളത്ത് വീട്ടിൽ കബീർ (43), മൊയ്തീൻ പള്ളി സ്വദേശി രാമി വീട്ടിൽ മുഹമ്മദ് ഹനീഫ (39), ചെറുനമ്പി വീട്ടിൽ ഇർഫാദ് (32), ചാലിൽ വീട്ടിൽ അഫ്സൽ (35) എന്നിവരാണ് വടക്കേക്കാട് എസ്.എച്ച്.ഒ കെ രമേശിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി അകലാട് മൂന്നൈനി ചാലിൽ ഇസ്ഹാക്ക് ഒളിവിലാണെന്ന് എസ്.എച്ച്.ഒ എം.കെ രമേഷ് സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. ഇയാൾ വഴിയാണ് പിടിയിലായവർക്ക് പണയം വെക്കാനുള്ള സ്വർണ്ണം ലഭിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ നാല് മുതൽ ഓഗസ്റ്റ് 13 വരെ വ്യത്യസ്ഥ ദിവസങ്ങളിലായാണ് സംഘം അകലാട് മൂന്നൈനിയിലെ സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 5,58,700 രൂപ തട്ടിയത്. അഫ്സൽ മൂന്ന് വളകളും, ഇർഫാദ്, മുഹമ്മദ് ഹനീഫ എന്നിവർ രണ്ട് വളകൾ വീതവും ഹംസകുട്ടി, കബീർ, ഷെജീന എന്നിവർ ഓരോ വളകളുമാണ് പണയം വെച്ചിരുന്നത്. ശരാശരി ഒരു പവനോളം തൂക്കം വരുന്ന 10 വളകൾ 916 ഹോൾ മാർക്കോടുകൂടിയവയും വി.ജെ എന്ന മുദ്ര പതിച്ചിരുന്നവയുമാണ്. നേരത്തെ നല്ല സ്വർണ്ണം പണയം വെച്ച് സ്ഥാപനത്തിലെ ജീവനക്കാരുമായി അടുപ്പം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപന ഉടമകളുടെ പരാതിയെ തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ പി.പി ബാബു, സി ബിന്ദുരാജ്, സി.എൻ ഗോപിനാഥൻ, പി.എ സുധീർ, എ.എസ്.ഐ ടി.കെ ഷിജു, സി.പി.ഒ മാരായ രജനീഷ്, രേഷ്നി എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.