അന്തിക്കാട്: അപേക്ഷയുമായി എത്തിയപ്പോൾ സുരേഷ് ഗോപി മടക്കി അയച്ച കൊച്ചു വേലായുധന് സി.പി.എം വീട് നിർമ്മിച്ചു നൽകും. കൊച്ചു വേലായുധന്റെ വീട്ടിലെത്തിയ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ വീട് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഉറപ്പുനൽകി. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ കലുങ്ക് വികസന സംവാദത്തിലാണ് അപേക്ഷയുമായി എത്തിയ കൊച്ചു വേലായുധനെ ഇതൊന്നും എം.പിയുടെ പണിയല്ല എന്നുപറഞ്ഞ് അപേക്ഷ സ്വീകരിക്കാൻ പോലും തയ്യാറാകാതെ മടക്കി അയച്ചത്. രണ്ടുവർഷം മുമ്പ് മരം വീണ് തകർന്ന വീട് അറ്റകുറ്റപ്പണി ചെയ്യാൻ സഹായം തേടിയാണ് കേന്ദ്രമന്ത്രിയുടെ വികസന സംവാദ പരിപാടിയിലേക്ക് കൊച്ചു വേലായുധൻ എത്തിയത്. ഇന്നലെ വൈകിട്ടാണ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സി.പി.എം നേതാക്കൾ കൊച്ചുവേലായുധന്റെ വീട്ടിലെത്തിയത്. തുടർന്നാണ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ പാർട്ടിയുടെ നേതൃത്വത്തിൽ കൊച്ചുവേലായുധന് വീട് നിർമ്മിച്ചു നൽകുമെന്ന് ഉറപ്പുനൽകിയത്.
വീടിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും അബ്ദുൽ ഖാദർ കൂട്ടിച്ചേർത്തു. സി.പി.എം ചേർപ്പ് ഏരിയ സെക്രട്ടറി എ.എസ് ദിനകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.പി ചന്ദ്രൻ, കെ.കെ അനിൽ, സെബി ജോസഫ് പെല്ലിശ്ശേരി, കെ.എസ് മോഹൻദാസ്, വി.ആർ ബിജു, ചാഴൂർ ലോക്കൽ സെക്രട്ടറി കെ ഗോപി എന്നിവരും ജില്ലാ സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഘം സന്ദർശനം നടത്തിയത്.