കുന്നംകുളം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഇടിമുറി പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂർ. കുന്നംകുളം എ.സി.പി ഓഫീസിന് മുകളിലാണ് ഇടിമുറി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോലീസുകാർക്ക് ഇഷ്ടമില്ലാത്തവരെ കസ്റ്റഡിയിലെടുത്താൽ ഇടിമുറിയിൽ കയറ്റി കൈകാര്യം ചെയ്ത ശേഷമാണ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത്. ഈ മുറിയിൽ നിരീക്ഷണ ക്യാമറയില്ല. കുന്നംകുളം സ്റ്റേഷനിൽ താഴെ നിലയിൽ മാത്രമാണ് നിരീക്ഷണ ക്യാമറയുള്ളത്. സ്റ്റേഷന്റെ മുകളിൽ നിലയിൽ ഒരു നിരീക്ഷണ ക്യാമറ പോലുമില്ല. യൂത്ത് കോൺഗ്രസ് നേതാവ് സജിത്തിനെ മർദ്ധിച്ചതിൽ 20 ശതമാനത്തിൽ താഴെ ദൃശ്യം മാത്രമാണ് പുറത്തുവന്നത്. കുന്നംകുളം സ്റ്റേഷനിലെ ഇടിമുറി പൂട്ടിയില്ലെങ്കിൽ ഭീതിജനകമായ വാർത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.