ചാവക്കാട്: ലോറിയിൽ നിന്ന് ചെമ്മണ്ണ് വീണ് ചളിയിൽ പുതഞ്ഞ ചാവക്കാട് നഗരഹൃദയം നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ഇന്ന് പുലർച്ചെയാണ് ചാവക്കാട് സെന്ററിൽ നാഷണൽ ഹൈവേ നിർമ്മാണത്തിനായി ചെമ്മണ്ണുമായി പോയിരുന്ന ടോറസ് ലോറികളിൽ നിന്ന് വൻതോതിൽ ചെമ്മണ്ണ് റോഡിൽ വീണത്. മഴ പെയ്തതോടെ ട്രാഫിക് ഐലൻഡ് പരിസരത്ത് റോഡിൽ ചളി പരന്നൊഴുകി. ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രികരും ദുരിതത്തിലായതോടെ നഗരസഭ പരിഹാരത്തിന് മുന്നിൽ മുന്നിട്ടിറങ്ങുകയായിരുന്നു. ചാവക്കാട് നഗരസഭ ജീവനക്കാരും ഗുരുവായൂർ ഫയർ ഫോഴ്സും ചേർന്ന് റോഡിൽ പരന്നുകിടന്ന ചളി വെള്ളം പമ്പ് ചെയ്തു വൃത്തിയാക്കി.