ഗുരുവായൂർ: 22 വർഷം മുമ്പ് വിവാഹിതരായ ബ്രിട്ടീഷ് വംശജൻ ബോറിസ് ബാർക്കർക്കും പറവൂർ സ്വദേശിനി ജിജിക്കും ഗുരുവായൂർ വൈദിക വിധിപ്രകാരം മംഗല്യം. ബിർമിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിൽ ടെക്നിക്കൽ സൂപ്പർവൈസറാണ് ബോറിസ് ബാർക്കർ. പറവൂർ സ്വദേശിനിയായ ജിജി മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ ഹെൽത്ത് കെയർ അസിസ്റ്റന്റ് ആണ്. ദമ്പതികൾ ബ്രിട്ടനിൽ താമസമാണെങ്കിലും ഇന്ത്യയിലെത്തുമ്പോൾ വൈദിക വിധിപ്രകാരം വിവാഹ ചടങ്ങുകൾ ചെയ്യണമെന്ന ഇവരുടെ മോഹമാണ് ഇന്ന് സായി മന്ദിരത്തിൽ സഫലമായത്. ഹോമകുണ്ഡത്തിൽ അഗ്നിസാക്ഷിയായി സപ്തപദി വിവാഹം നടന്നു. അഗ്നി സാക്ഷിയായി ജിജിയുടെ കഴുത്തിൽ ബോറിസ് ബാർക്കർ മഞ്ഞ ചരടിൽ കോർത്ത താലിചാർത്തി. ജിജി തെച്ചി തുളസി മാലയും അണിഞ്ഞപ്പോൾ കേരളീയ വസ്ത്രം ധരിച്ചാണ് ബോറിസ് വിവാഹചടങ്ങുകളിൽ പങ്കെടുത്തത്. സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ നേതൃത്വം നൽകി. മുളമംഗലം കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. കുട്ടിക്കാലം മുതലേ സത്യസായി ബാബ ഭക്തയായിരുന്നു ജിജി.