കടപ്പുറം: സ്വന്തമായി കളിസ്ഥലം വാങ്ങാൻ താല്പര്യപത്രം ക്ഷണിച്ച് കടപ്പുറം പഞ്ചായത്ത്. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 50 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വഴി, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതായിരിക്കണം സ്ഥലം. അപേക്ഷകർ സെപ്റ്റംബർ 16ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മുമ്പായി സെക്രട്ടറിക്ക് സമ്മതപത്രം സമർപ്പിക്കണമെന്ന് കാണിച്ച് പഞ്ചായത്ത് നോട്ടീസും പ്രസിദ്ധീകരിച്ചു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള കടപ്പുറം പഞ്ചായത്തിന്റെ രാഷ്ട്രീയ ഗിമ്മിക്കാണ് ഇതെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. എല്ലാ തെരഞ്ഞെടുപ്പ് സമയത്തും ലീഗ് ഇറക്കുന്ന ഗിമ്മിക്കാണിത്. 60 വർഷമായി പഞ്ചായത്ത് ഭരിച്ചിട്ടും കളിസ്ഥലം നിർമ്മിക്കാൻ കഴിയാത്ത ഭരണ സമിതിക്ക്
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ഇതേ കുറിച്ച് ഓർമ്മ വരുന്നതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.