ഗുരുവായൂർ: അരിപ്പൊടി, കരിപ്പൊടി, മഞ്ഞൾ പൊടി, പച്ചപ്പൊടി, ചുവപ്പ് പൊടി എന്നിവ കൊണ്ട് എഴുതിയ ഭദ്രകാളി കളവും, നാദതന്ത്രിണിയുടെ താള ലയത്തിലുള്ള കളംപാട്ടും ആസ്വദിച്ച് ഗുരുവായൂർ ശ്രീകഷ്ണ കോളേജ് വിദ്യാർത്ഥികൾ. അനുഷ്ഠാന കലയായ കളംപാട്ടിനെ കൂടുതൽ പരിചയപ്പെടാനും അടുത്തറിയാനുമാണ് ചരിത്ര വിഭാഗത്തിൻ്റെയും ഐ.ക്യു.എ.സി, ഐ.കെ.എസ്.സി യുടെയും അഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചത്. കേരള ബുക്ക് ഓഫ് റെക്കോർഡ് ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസൻ ശില്പശാല നയിച്ചു. കളംപാട്ടിൻ്റെ ആചാര അനുഷ്ഠാനങ്ങളും, ചടങ്ങുകളും ഐതിഹ്യങ്ങളും വ്യക്തമാക്കുന്ന സോദാഹരണ പ്രഭാഷണത്തോടു കൂടിയായിരുന്നു ശില്പശാല. അദ്ദേഹത്തിൻ്റെ 272-ാം കളംപാട്ട് ശില്പശാലയാണ് കോളേജിൽ നടന്നത്. പ്രിൻസിപ്പൽ ഡോ. പി.എസ് വിജോയ് ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീജ, ഡോ. ലക്ഷ്മി ശങ്കർ, അജിത, സുജിത്ര, സീന എന്നിവർ സംസാരിച്ചു.