തൃശൂർ: തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ചേർന്ന് വോട്ട് മോഷണം നടത്തി ജനാധിപത്യം അട്ടിമറിച്ചതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തൃശൂരിൽ ജൻ അധികാർ മാർച്ച് സംഘടിപ്പിച്ചു. ശക്തൻ തമ്പുരാൻ പാലസിൽ നിന്നും ആരംഭിച്ച മാർച്ച് സ്പീഡ് പോസ്റ്റ് ഓഫീസിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന യോഗം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഓരോ ജനാധിപത്യവിശ്വാസിയെയും ശ്വാസംമുട്ടിക്കുകയാണ് തിരഞ്ഞെടുപ്പുകമ്മീഷനെന്ന് പി.എം. സാദിഖലി അഭിപ്രായപ്പെട്ടു.
ഏഴര പതിറ്റാണ്ട് ജനാധിപത്യത്തിന്റെ സൗന്ദര്യം നുകർന്ന രാജ്യത്തെ ബഹുജനങ്ങൾ ഇതിനെതിരേ വൻ മുന്നേറ്റത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു. ട്രഷറർ പി. ഇസ്മായിൽ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്‌റഫ് അലി, കാര്യറ നസീർ, സി.കെ.മുഹമ്മദാലി, അഡ്വ. ഷിബു മീരാൻ, സി.എ. മുഹമ്മദ് റഷീദ് തുടങ്ങിയവർ സംസാരിച്ചു.