ചാവക്കാട്: ബ്ലാങ്ങാട് ജി.എഫ്.യു.പി. സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിന് സാമ്പത്തിക സഹായവുമായി പ്രദേശവാസിയായ അബ്ദു തെരുവത്ത്. 2014 ൽ പി. ടി. എ. യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീപ്രൈമറിയ്ക്ക് നാളിതുവരെ സർക്കാർ ഓണറേറിയം അനുവദിച്ചിട്ടില്ല. പ്രീപ്രൈമറി അധ്യാപികക്കും ആയയ്ക്കും ശമ്പളം കൊടുക്കുന്നതിന് പി.ടി.എ കമ്മിറ്റി സാമ്പത്തികമായി വർഷങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 75,000 രൂപ ഒരു വർഷത്തേയ്ക്ക് നൽകി കൊണ്ട് അബ്ദു തെരുവത്ത് വിദ്യാലയത്തിന് കൈതാങ്ങായത്. സ്കൂൾ സുരക്ഷ ക്ലബ്ബ്, എസ്.എസ്.ജി, പി.ടി.എ കമ്മിറ്റികളുടെ സംയുക്തയോഗത്തിൽ ഗുരുവായൂർ എം.എൽ.എ. എൻ.കെ അക്ബർ തുക വിദ്യാലയത്തിന് കൈമാറി. പി.ടി.എ പ്രസിഡണ്ട് ടി. വി വിബിത തുക ഏറ്റുവാങ്ങി. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ വാർഡ്കൗൺസിലർ കെ.പി രജ്ഞിത് കുമാർ, അബ്ദു തെരുവത്ത്, ഹെഡ്മിസ്ട്രസ് സി.ഡി വിജി എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ സുരക്ഷ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി, മുനിസിപ്പാലിറ്റി, ആരോഗ്യം, പോലീസ് വകുപ്പുകളുടെ യോഗവും ചേർന്നു.