കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തോടനുബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി എൻ.ഐ.എ പ്രത്യേക കോടതി റദ്ദാക്കി. പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടതെന്ന് എൻ.ഐ.എ ആരോപിച്ച 10 സ്വത്തുക്കൾക്ക് മേലുള്ള നടപടിയാണ് കോടതി റദ്ദാക്കിയത്. ചാവക്കാട് തെക്കഞ്ചേരിയിൽ മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടവും ഇതിൽ ഉൾപ്പെടും.
ഒരു സംഘം ട്രസ്റ്റുകളുടെ ഭാരവാഹികളും സ്വത്തുടമകളായ മറ്റു ചില വ്യക്തികളും കണ്ടുകെട്ടൽ നടപടികളെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലുകളിലാണ് എൻ.ഐ.എക്ക് തിരിച്ചടിയായ വിധി ഉണ്ടായത്. 2022 മുതൽ എൻഐഎയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്‌എ) കീഴിലുള്ള അതോറിറ്റിയാണ് നടപടികൾ ആരംഭിച്ചത്..
മലപ്പുറത്ത് ഗ്രീൻ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടർ ഭൂമിയും ഒരു കെട്ടിടവും കോടതി വിധി പ്രകാരം വിട്ടുകിട്ടിയ സ്വത്തുക്കളിൽ പെടുന്നു. ആലപ്പുഴയിലെ ആലപ്പി സോഷ്യൽ കൾച്ചറൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത്, ഷാഹുൽ ഹമീദ് എന്നയാളുടെ പേരിലുള്ള മണ്ണഞ്ചേരിയിലെ സ്വത്ത്, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷൻ, പന്തളം എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയും വിട്ടു നൽകപ്പെട്ട സ്വത്തുക്കളിൽ പെടുന്നു. മാനന്തവാടിയിലെ ഇസ്‌ലാമിക് സെന്റർ ട്രസ്റ്റിന്റെ കീഴിലുള്ള ഭൂമി, ആലുവയിലെ അബ്ദുൽ സത്താർ ഹാജി മൂസാ സേട്ട് പള്ളിയുടെ പരിസരത്തുള്ള ഓഫിസ്, പട്ടാമ്പിയിലെ ഒരു ഷോപ്പിങ് കോംപ്ലക്സ്, കോഴിക്കോട് മീഞ്ചന്തയിലെ കെട്ടിടം എന്നിവയും കണ്ടുകെട്ടൽ നടപടി റദ്ദാക്കിയ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പോപുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി ഈ സ്വത്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് എൻഐഎ വാദിച്ചതിനെ തുടർന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.പോപുലർ ഫ്രണ്ട് നേതാക്കളായ ട്രസ്റ്റ് അംഗങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് മഞ്ചേരിയിലെ ഗ്രീൻ വാലി ഫൗണ്ടേഷൻ പ്രവർത്തിച്ചിരുന്നതെന്നായിരുന്നു എൻഐഎയുടെ ആരോപണം.
എന്നാൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയോ അതിന്റെ പൂർവരൂപമായി ചൂണ്ടിക്കാട്ടപ്പെടുന്ന നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ടോ രൂപീകരിക്കുന്നതിന് വളരെ മുമ്പ് 1993 ലാണ് ട്രസ്റ്റ് സ്ഥാപിതമായതെന്ന് ഗ്രീൻവാലി ഫൗണ്ടേഷൻ ട്രസ്റ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കാർഷിക പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനാണ് ട്രസ്റ്റ് സ്ഥാപിച്ചതെന്നും അവർ വാദിച്ചു. ഇരുവശത്തുനിന്നുമുള്ള വാദങ്ങൾ പരിഗണിച്ച ശേഷം, നിയുക്ത അതോറിറ്റി പുറപ്പെടുവിച്ച കണ്ടുകെട്ടൽ ഉത്തരവുകൾ റദ്ദാക്കാനാണ് കോടതി വിധിച്ചത്.