Saturday, July 12, 2025

ക്ലെയിം നല്‍കാന്‍ മടി; 8 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: ക്ലെയിം അനുവദിക്കുന്നതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ എട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. നിവ ബുപ, സ്റ്റാര്‍ ഹെല്‍ത്ത്, കെയര്‍ ഹെല്‍ത്ത്, മണിപ്പാല്‍സിഗ്‌ന, ന്യൂ ഇന്ത്യ അഷുറന്‍സ്, ടാറ്റ എ.ഐ.ജി, ഐ.സി.ഐ.സി.ഐ ലംബാര്‍ഡ്, എച്ച്.ഡി.എഫ്.സി എര്‍ഗോ എന്നിവര്‍ക്കാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപമെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) നോട്ടീസ് നല്‍കിയത്. സി.എന്‍.ബി.സി ടി.വി 18നാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇക്കാര്യത്തില്‍ ഐ.ആര്‍.ഡി.എ.ഐ പ്രതികരിച്ചിട്ടില്ല.

2024ല്‍ ഐ.ആര്‍.ഡി.എ.ഐ പുറത്തിറക്കിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാസ്റ്റര്‍ സര്‍ക്കുലറിലെ പല വ്യവസ്ഥകളും ഇന്‍ഷുറന്‍സ് കമ്പനികള്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. മെഡിക്കല്‍ ക്ലെയിം അനുവദിക്കുന്നതിലെ സമയം, കാഷ്‌ലെസ് അപ്രൂവല്‍, ഉപയോക്താവിനെ അറിയിക്കേണ്ട കാര്യങ്ങള്‍ എന്നിവയില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഈ സര്‍ക്കുലര്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ക്ലെയിമില്‍ അനധികൃതമായ കുറവ് വരുത്തുക, കൃത്യമായ കാരണമില്ലാതെ ക്ലെയിം നിരസിക്കുക, കൃത്യമായ സമയത്ത് ക്ലെയിം അനുവദിക്കാതിരിക്കുക എന്നിവ ഇപ്പോഴും വ്യാപകമായി നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിക്കുന്നതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അടുത്ത ആഴ്ച നടക്കുന്ന ഐ.ആര്‍.ഡി.എ.ഐ യോഗത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഷോക്കോസ് നല്‍കിയ കാര്യം അന്വേഷിക്കുമെന്നാണ് കരുതുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഐ.ആര്‍.ഡി.എ.ഐ. പിഴശിക്ഷ വിധിക്കാനും ബാധിക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് പലിശ അടക്കം പണം തിരികെ നല്‍കാനും ഉത്തരവിടാന്‍ അതോറിറ്റിക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഈ രംഗത്തെ ചൂഷണം തടയാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം പോര്‍ട്ടലിനെ ധനമന്ത്രാലയത്തിനും ഐ.ആര്‍.ഡി.എ.ഐക്കും കീഴിലാക്കാനുള്ള കേന്ദ്രപദ്ധതിക്കിടെയാണ് പുതിയ സംഭവങ്ങളെന്നതും ശ്രദ്ധേയം.

അതേസമയം, ഐ.ആര്‍.ഡി.എ.ഐ നോട്ടീസ് ലഭിച്ചുവെന്ന് ന്യൂ ഇന്ത്യ അഷുറന്‍സും ഐ.സി.ഐ.സി.ഐ ലംബാര്‍ഡും സ്ഥിരീകരിച്ചു. എന്നാല്‍ പതിവ് നടപടിയുടെ ഭാഗമാണ് നോട്ടീസെന്നാണ് ഇവരുടെ വാദം. മെഡിക്കല്‍ ക്ലെയിമുകള്‍ പരാതിക്കിടയില്ലാതെ വേഗത്തില്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments