ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് സമർപ്പണമായി പഴകിയതും ഉപയോഗശൂന്യവുമായ അവിൽ സമർപ്പിക്കുന്നത് നിരുൽസാഹപ്പെടുത്തണമെന്ന് ദേവസ്വം. ഗുണമേന്മ കുറഞ്ഞതും പഴകിയതുമായ അവിൽ സമർപ്പിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം നിർദേശം. ഭക്ഷ്യ സുരക്ഷ ചട്ടങ്ങൾ പാലിക്കാതെ തുണിയിലും കവറിലും പൊതിഞ്ഞ അവിലുകൾ സമർപ്പിക്കുന്നത് ഭക്തർ ഒഴിവാക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു. ഗുണമേന്മയുള്ള അവിൽ സമർപ്പണത്തിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ എന്നിവർ അറിയിച്ചു.