ഗുരുവായൂർ: തിരുവെങ്കിടം പാനയോഗം പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്ക്കാരത്തിന് വാദ്യകുലപതി സദനം വാസുദേവനും എടവന മുരളീധരൻ സ്മാരക പുരസ്ക്കാരത്തിന് വാദ്യ വിദ്വാൻ കോട്ടക്കൽ പ്രസാദും ചങ്കത്ത് ബാലൻ നായർ സ്മാരക പുരസ്ക്കാരത്തിന് പാന പ്രവീൺ രാമചന്ദ്രൻപുത്തൻ വീട്ടിലും കല്ലൂർ ശങ്കരൻ സ്മാരക പുരസ്ക്കാരത്തിന് പരപ്പിൽ വേലായുധനും അകമ്പടി രാധാകൃഷ്ണൻ നായർ സ്മാരക പുരസ്കാരത്തിന് കലാമണ്ഡലം ഹരിനാരായണനും അർഹരായി. ഇന്ന് വാർത്ത സമ്മേളനത്തിലാണ് ഭാരവാഹികൾ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. രജത ജൂബിലിയുടെ നിറവിലേക്ക് പ്രവേശിക്കുന്ന തിരുവെങ്കിടം പാനയോഗത്തിൻ്റെ ഗോപി വെളിച്ചപ്പാട് അനുസ്മരണം ആഗസ്റ്റ് ഏഴിന് സംഘടിപ്പിക്കും. രാവിലെ 10 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടക്കുന്ന ചടങ്ങ് സംഗീത നാടകഅക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും.മേളകുലപതി പത്മശ്രീ പെരുവനം കുട്ടൻ മാരാർ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻനമ്പൂതിരിപ്പാട് പുരസ്കാര വിതരണം നിർവഹിക്കും. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയാകും. ഭാരവാഹികളായ ശരിവാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ബാലൻ വാറണാട്ട്, ഷൺമുഖൻ തെച്ചിയിൽ, ദേവീദാസ് ഇടവന, മുരളി അകമ്പടി, പ്രഭാകരൻ മൂത്തേടത്ത്, രാജൻ കോക്കൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.