തൃശൂർ: ദേശീയ തലത്തിൽ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ തല പരിശീലനം ജൂലൈ 17 വരെ നടക്കും. 50-60 പേരടങ്ങുന്ന 39 ബാച്ചുകളാണ് 13 നിയോജകണ്ഡലങ്ങളിൽ നിന്നുമായി പരിശീലനം നേടുന്നത്. ജില്ലയിലെ ആദ്യ ബാച്ചിന്റെ പരിശീലനം ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. പരിശീലന പരിപാടി ബി എൽ ഒ മാരുടെ ചുമതലകളിൽ ഉൾപ്പെടുന്ന വിവിധ പ്രവർത്തികളായ വോട്ടർ പട്ടിക പരിഷ്കരണം ,ഫീൽഡ് വിസിറ്റ്, വോട്ടറുടെ വിവരങ്ങൾ സ്ഥിരീകരിക്കുക എന്നിവ ഉൾപ്പെടും. ഇന്ത്യൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെമോക്രസി & ഇലക്ഷൻ മാനേജ്‌മെന്റ് ൽ (ഐ ഐ ഐ ഡി ഇ എം ) പരിശീലനം നേടിയ, നിയമസഭാതല പരിശീലക പാനലിലെ അനുഭവസമ്പന്നരായ റിസോഴ്‌സ് പേഴ്സന്മാരാണ് ബി എൽ ഒ മാരുടെ സഹകരണത്തോടെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഒല്ലൂർ നിയോജക മണ്ഡലം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും എൽ.ആർ ഡെപ്യൂട്ടി കളക്ടറുമായ എം.സി ജ്യോതി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ കൃഷ്ണകുമാർ, തൃശൂർ തഹസിൽദാർ ടി ജയശ്രീ തൃശൂർ ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ പി.ഡി ഷാജു തുടങ്ങിയവർ സംസാരിച്ചു.